കൊച്ചി: ശബരിമല സന്നിധാനത്തും പമ്പയിലും സമരങ്ങള്‍ വിലക്കി ഹൈക്കോടതി. ഡോളി തൊഴിലാളി സമരം പോലെയുള്ളത് ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സമരങ്ങള്‍ ഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം.ഡോളി ജീവനക്കാര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടതെന്ന് കോടതി ചൂണ്ടികാട്ടി. ശബരിമലയില്‍ പ്രീപെയ്ഡ് ഡോളി സര്‍വ്വീസ് തുടങ്ങിയതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ 11 മണിക്കൂര്‍ പണി മുടക്കിയിരുന്നു. തുടര്‍ന്ന്, ശബരിമല എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്.ഡോളി സര്‍വ്വീസിന് തുക നിശ്ചയിച്ചിട്ടുണ്ട്. പലരും ദിവസങ്ങളും ആഴ്ച്ചകളും എടുത്താണ് ശബരിമലയില്‍ വരുന്നത്. ചിലര്‍ കടംവാങ്ങിയും മറ്റും വരുന്നുണ്ട്. പ്രായമായവരും നടക്കാന്‍ പ്രയാസമുള്ളവരും രോഗികളും വരുമ്പോള്‍ ഡോളി സര്‍വ്വീസ് കിട്ടിയില്ലെങ്കില്‍ എന്തുചെയ്യുമെന്ന് കോടതി ചോദിച്ചു. തീര്‍ത്ഥാടകരെ കൊണ്ടുപോകില്ലെന്ന് പറയുന്നതോ ഇറക്കി വിടുന്നതോ അനുവദിക്കാന്‍ സാധിക്കില്ല. തീര്‍ത്ഥാടകര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നടപടി.