അബുദാബി: അബുദാബി ബിഗ് ടിക്കറ്റിലൂടെ വമ്പന്‍ ഭാഗ്യം പ്രവാസി മലയാളിയ്ക്ക്. ഷാർജയിൽ താമസിക്കുന്ന മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് അബുദാബി ബിഗ് ടിക്കറ്റിൻ്റെ ഗ്രാൻഡ് പ്രൈസായ 25 മില്യൺ ദിർഹം (57 കോടി രൂപ) സമ്മാനമായി ലഭിച്ചത്. നവംബർ 22 ന് വാങ്ങിയ 447363 എന്ന ടിക്കറ്റാണ് വിജയിച്ചത്. അബുദാബി ബിഗ് ടിക്കറ്റ് പരമ്പര 269തിലാണ് അരവിന്ദ് അപ്പുക്കുട്ടന് സമ്മാന തുക ലഭിച്ചത്. സമ്മാന തുക 20 പേരുമായി പങ്കിടുമെന്ന് അരവിന്ദ് പറഞ്ഞു.ഷാർജയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന അരവിന്ദ് കഴിഞ്ഞ രണ്ട് വർഷമായി ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. എന്നാൽ ഇത്തവണത്തെ ഭാഗ്യം തനിക്ക് ലഭിക്കുമെന്ന് അരവിന്ദ് പ്രതീക്ഷിച്ചിരുന്നില്ല. വിജയിക്കുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും സമ്മാന തുക ചിലവാക്കേണ്ടതെന്നതിനെ കുറിച്ച് തീരുമാനിച്ചില്ലെന്നും അരവിന്ദ് പറഞ്ഞു. നറുക്കെടുപ്പിൽ തനിക്ക് സമ്മാനം ലഭിച്ചതെന്ന് സുഹൃത്ത് വിളിച്ചു പറഞ്ഞു. തനിക്കത് വിശ്വസിക്കാനായില്ലെന്നും വിവരം അറിഞ്ഞപ്പോൾ ഭാര്യയും അമ്പരന്നുവെന്നും അരവിന്ദ് പറഞ്ഞു. സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അരവിന്ദ് അറിയിച്ചു.ഈ വർഷത്തെ അവസാനത്തെ നറുക്കെടുപ്പിലാണ് അരവിന്ദിന് സമ്മാന തുക ലഭിച്ചത്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി തിളക്കം ഇതാദ്യമല്ല. കഴിഞ്ഞ നവംബറിലാണ് പ്രവാസി മലയാളിയായ പ്രിന്‍സ് കോലശ്ശേരി സെബാസ്റ്റ്യന് സമ്മാന തുക ലഭിച്ചത്. 20 മില്യണ്‍ ദിര്‍ഹമാണ് സമ്മാന തുകയായി ലഭിച്ചത്.