ചങ്ങരംകുളം:വേനലിനെ വെല്ലുന്ന വെയിലിന്റെ ചൂടേറ്റ് വറ്റിവരളുകയാണ് വയലുകളും തോടുകളും മറ്റ് ജലസ്രോതസ്സുകളും. ആഗസ്റ്റ് അവസാന വാരം നിറഞ്ഞുനിന്ന വയലുകളാണ് ഏതാനും ദിവസങ്ങളായി ചുട്ടുപൊള്ളുന്ന ചൂടിൽ വരണ്ടു തുടങ്ങിയത്.
ആലംകോട്, നന്നംമുക്ക്, എടപ്പാൾ പഞ്ചായത്തുകളിലായി ആയിരക്കണക്കിന് ഏക്കർ നെൽകൃഷി ചെയ്യുന്ന മുണ്ടകൻ കർഷകരാണ് വെള്ളം വറ്റിയതോടെ ആശങ്കയിലായിരിക്കുന്നത്. കിള കഴിഞ്ഞ് വിത്തിട്ട് ഞാറ് പറിക്കാനും നടീലിനും തയ്യാറെടുക്കുന്ന കർഷകർക്കാണ് മഴ കുറഞ്ഞത് ആശങ്കയുണ്ടാക്കുന്നത്. ഈ മാസം നടീൽ തുടങ്ങാൻ പലരും വയൽ ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിച്ച് നിലം ഒരുക്കിയെങ്കിലും പലയിടത്തും ഒരു തുള്ളി വെള്ളം പോലുമില്ലാതെ ഉണങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.
സമീപത്തെ കുളങ്ങളിൽ നിന്നും കിണറുകളിൽ നിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് നടീൽ തുടങ്ങാനുള്ള ഒരുക്കത്തിലാണ് കർഷകർ. എന്നാൽ തുലാവർഷത്തിൽ ലഭിക്കേണ്ട മഴ ലഭിച്ചില്ലെങ്കിൽ ഇത്തവണ കൃഷി പൂർത്തിയാക്കി വിളവെടുക്കാൻ പെടാപാട് പെടും. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും വെള്ളം എത്തിച്ച് കൃഷി പൂർത്തിയാക്കേണ്ട അവസ്ഥ വന്നാൽ പലർക്കും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാവുമെന്നും കർഷകർ പറയുന്നു.
എന്നാൽ തുടർദിവസങ്ങളിൽ മഴ ലഭിക്കുമെന്ന കാലാവസ്ഥ പ്രവചനത്തിൽ പ്രതീക്ഷ അർപ്പിക്കുകയാണ് പല കർഷകരും. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കിൽ പ്രദേശത്തെ ആയിരക്കണക്കിന് ഏക്കർ വരുന്ന നെൽപ്പാടങ്ങളിലെ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നും കർഷകർക്ക് ആശങ്കയുണ്ട്.







