എടപ്പാൾ : അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പോട്ടൂർ മോഡേൺ ഹയർസെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ മുൻ അധ്യാപകൻ പി. വി. നാരായണൻ മാഷിനെ ആദരിച്ചു.1980-കളുടെ പകുതി മുതൽ 2014 വരെ ഏകദേശം മൂന്ന് പതിറ്റാണ്ട് നവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ച പി. വി. നാരായണൻ കവി, നാടകകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.വട്ടംകുളം ഗ്രാമപഞ്ചായത്ത് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.വട്ടംകുളം ഗ്രാമീണ വായനശാലയുടെയും അമ്പിളി കലാസമിതിയുടെയും സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം വിരമിച്ചതിനുശേഷവും നാടകക്കളരികൾ സംഘടിപ്പിക്കുന്നതിലും വായനശാലയുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിലും സജീവമായി തുടരുന്നു. അറിവും അക്ഷരവും കലയും സാമൂഹിക പ്രതിബദ്ധതയുമാക്കി മാറ്റിയ അദ്ദേഹത്തിന്റെ സേവനങ്ങളെ ആദരിച്ചാണ് ചടങ്ങിൽ ആദരവ് നൽകിയത്.പരിപാടിയുടെ ഉദ്ഘാടനം ക്രസന്റ് എഡ്യൂക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി ഹസ്സൻ മൗലവി നിർവഹിച്ചു. സ്കൂൾ മാനേജർ എന്‍ മൊയ്‌ദുണ്ണി,പ്രിൻസിപ്പൽ എവി സുഭാഷ്,വൈസ് പ്രിൻസിപ്പൽ അബ്ദുൽ അസീസ് എന്നിവർ ആശംസകൾ നേർന്നു.സ്കൗട്ട് ആൻഡ് ഗൈഡ് ചുമതലയുള്ള അധ്യാപകരായ ഷേർളി കെ, ഇന്ദു കെ. യു.രാജി പി. പി., സജിത,റഹ്മത്ത്,ആതിര, അഞ്ജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.







