പട്ടാമ്പി: വിവാഹത്തിനായി വാടകയ്ക്കെടുത്ത ആഡംബര കാർ അപകടത്തിൽപ്പെട്ട് പാടത്തേയ്ക്ക് മറിഞ്ഞു. പട്ടാമ്പി തിരുമിറ്റക്കോടാണ് സംഭവം. ബിഎംഡബ്ള്യു കാറാണ് അപകടത്തിൽപ്പെട്ടത്.പാലത്തിൽ നിന്ന് കാർ നിയന്ത്രണംവിട്ട് സമീപത്തെ മരത്തിലിടിച്ചതിനുശേഷം പാടത്തേയ്ക്ക് മറിയുകയായിരുന്നു. അപകട സമയത്ത് ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവർക്ക് നിസാര പരിക്കുകളുണ്ട്.അതേസമയം, കൊച്ചിയിൽ സ്വകാര്യ ബസിൽ നിന്ന് പുറത്തേക്കുവീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. കുട്ടിയുടെ വലത് തോളിനാണ് പരിക്കേറ്റത്. വെല്ലിംഗ്‌ടൺ ഐലൻഡിലായിരുന്നു അപകടമുണ്ടായത്. ബസ് വളയ്ക്കുന്നതിനിടെ തുറന്ന് കിടന്ന പിൻവാതിലിലൂടെ വിദ്യാർത്ഥി റോഡിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. ഫെബിൻ ഫെഡറിക്ക് എന്ന 14കാരനാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കാൻ ബസ് ജീവനക്കാർ തയ്യാറായില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. ഇവരുടെ പരാതിയിൽ തോപ്പുംപടി പൊലീസ് ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. ആലുവ – തോപ്പുംപടി റൂട്ടിൽ സർവീസ് നടത്തുന്ന ബസിനെതിരെയാണ് പരാതി ഉയർന്നതെന്നാണ് വിവരം.








