വെളിയങ്കോട് :കടലാക്രമണത്തിൽ തകർന്നടിഞ്ഞ വെളിയങ്കോട് കടപ്പുറം ഹാച്ചറി റോഡ് പുനർനിർമ്മാണത്തിന് 54. 5 ലക്ഷം അനുവദിച്ചു കേരള സർക്കാർ അടിയന്തിര ഉത്തരവിറക്കി.
വെളിയങ്കോട് തീരദേശത്ത് നൂറുകണക്കിന് ആളുകൾ യാത്ര ചെയ്തിരുന്ന ഹാച്ചറി റോഡ് കടലാക്രമണത്തെ തുടർന്ന് പൂർണ്ണമായി തകർന്നിരുന്നു. പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം താൽക്കാലികമായി നിരോധിച്ചിരുന്നു. ഹാച്ചറി കെട്ടിടങ്ങളടക്കം കടലാക്രമണ ഭീഷണിയിൽ ഏതു സമയവും നിലം പതിക്കാവുന്ന നിലയിലാണ്.
സ്ഥലം സന്ദർശിച്ച് അടിയന്തിര പരിഹാര നടപടി സ്വീകരിക്കുമെന്ന് കെപി നൗഷാദ് അലി പരിസരവാസികൾക്ക് വാക്ക് നൽകിയിരുന്നു. തുടർന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച എംഎൽഎ ഉത്തരവുമായാണ് മടങ്ങുന്നത് എന്നത് തീരദേശത്ത് വലിയ ആവേശമുയർത്തിയിട്ടുണ്ട്.
54.5 ലക്ഷം രൂപയാണ് അനുവദിച്ചത്. 182 മീറ്റർ നീളത്തിൽ കടൽഭിത്തി നിർമ്മിക്കാനാണ് ഉത്തരവ്. മണിക്കൂറുകൾക്കുള്ളിൽ എസ്റ്റിമേറ്റ് പൂർത്തിയാക്കി മേജർ ഇറിഗേഷൻ ചീഫ് എഞ്ചിനീയർക്ക് സമർപ്പിക്കുമെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.







