കുറ്റിപ്പുറം:ഞായറാഴ്ച കാലത്ത് 11 മണിയോടെയാണ് കുറ്റിപ്പുറത്ത് നാടിനെ നടുക്കിയ അപടം നടന്നത്.നിറയെ യാത്രക്കാരുമായി വന്നിരുന്ന സ്വകാര്യ ബസ്സ് പുതിയ ദേശീയ പാതയില്‍ തലകീഴായി മറിഞ്ഞ വിവരം മറിഞ്ഞ് വാഹനം നിര്‍ത്തിയ യാത്രക്കാരും പ്രദേശവാസികളും ആണ്ആദ്യം ഇവിടേക്ക് ഓടിയെത്തിയത്.അപകടത്തിന്റെ ആഘാതം അറിഞ്ഞതോടെ വളാഞ്ചേരി കുറ്റിപ്പുറം ചങ്ങരംകുളം പൊന്നാനി സ്റ്റേഷനുകളിലെ പോലീസും പ്രദേശത്തെ മുഴുവന്‍ ആംബുലന്‍സുകളും അപകടം നടന്ന സ്ഥലത്ത് കുതിച്ചെത്തി.ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് അപകടത്തില്‍ പരിക്കേറ്റവരെ ഓരോ ആംബുലന്‍സുകളിലായി ആശുപത്രിയിലേക്ക് കയറ്റി വിട്ടു.ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ബസ്സ് പൊളിച്ചാണ് അകത്ത് കുടുങ്ങി കിടന്നവരെ പുറത്ത് എത്തിച്ചത്.അമിത വേഗതയും കനത്ത മഴയും അപകടത്തിന് ഇടവരുത്തിയെന്നാണ് പ്രാഥമിക നിഗമനം.എന്നാല്‍ ഇറക്കവും ചെറിയ വളവും ചേര്‍ന്ന റോഡിന്റെ ഈ ഭാഗം വലിയ അപകടങ്ങള്‍ നടക്കുന്ന പ്രദേശമാണെന്നും ദേശീയ പാതയുടെ നിര്‍മ്മാണത്തില്‍ അപകട സാധ്യതയുള്ള ഈ ഭാഗത്ത് കൂടുതല്‍ മുന്‍കരുതലുകള്‍ ആവശ്യമാണെന്ന് ആധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.നിര്‍മാണത്തില്‍ അശാസ്ത്രീയത ഉണ്ടെന്നും പ്രദേശിവാസികള്‍ ആരോപിച്ചു.







