ചങ്ങരംകുളം:പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അസം സ്വദേശി അടക്കം 2 പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.അസം ഉറിയം ഘട്ട് സ്വദേശി ഉദയ് ഗോകോയി(22),ചങ്ങരംകുളം കക്കിടിപ്പുറത്ത് താമസിക്കുന്ന ചക്കുളങ്ങര മുഹമ്മദ് ഷെഹീർ (30)എന്നിവരെയാണ് അന്വേഷണസംഘം പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.
ഏതാനും ദിവസം മുമ്പാണ് എടപ്പാളിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥിയെ കാണാതായത്.സംഭവത്തില്‍ ബന്ധുക്കള്‍ ചങ്ങരംകുളം പോലീസിന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് എടപ്പാള്‍ ഭാഗത്ത് ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളി പെണ്‍കുട്ടിയെ കടത്തി കൊണ്ട് പോയതായി വിവരം ലഭിച്ചത്.വിവാഹം കഴിഞ്ഞ് കുട്ടികള്‍ ഉള്ള ഉദയ് ഗോകോയി പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം സുഹൃത്തിന്റെ സഹായത്തോടെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോവുകയായിരുന്നു
അന്വേഷണത്തില്‍ പെണ്‍കുട്ടി ട്രെയിനില്‍ നാഗാലാന്റിലേക്ക് സഞ്ചരിക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയും ചെയ്തു.വിവേക് എക്സ്പ്രസ് ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ മലപ്പുറം എസ്പി ചൈത്ര തെരേസ ജോണിൻ്റെ നിർദേശ പ്രകാരം ധീമാപൂരിലെ ആര്‍പിഎഫ് ഉദ്ധ്യോഗസ്ഥനും മലയാളിയുമായ ജിതിൻ്റെ നേതൃത്ത്വത്തിലുളള ആര്‍പിഎഫ് സംഘം നടത്തിയ പരിശോധനയിലാണ് ട്രെയിനിൽ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്.
തുടര്‍ന്ന് നാഗാലാന്റിലെത്തിയ മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള ആന്വേഷണസംഘം
പെണ്‍കുട്ടിയെയും പെണ്‍കുട്ടിയെ കടത്തി കൊണ്ട് പോയ ഉദയ് ഗോകോയ് യെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു
സംഭവത്തില്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് ഉദയ് ഗോകോയ് യുടെ സുഹൃത്ത് കൂടിയായ മുഹമ്മദ് ഷെഹീറും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കടത്തി കൊണ്ട് പോയതെന്ന് വിവരംലഭിച്ചത്. മദ്യം നല്‍കി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പെണ്‍കുട്ടി മൊഴിനല്‍കി.പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഷെഹീറിനെയും പോലീസ് പിടികൂടുകയായിരുന്നു.
വീട്ടിലേക്ക് ബന്ധപ്പെടാതിരിക്കാന്‍ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പ്രതി കൈക്കലാക്കിയിരുന്നു.സമാനമായി വിവിധയിടങ്ങളില്‍ നിന്ന് ഇയാള്‍ മറ്റു പെണ്‍കുട്ടികളെയും ഇത്തരത്തില്‍ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയതായും പോലീസ് സംശയിക്കുന്നുണ്ട്.പിടിയിലായ ഇരുവരും ലഹരിവില്‍പനയും ഉപയോഗവും നടത്തുന്നവരാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ മെഡിക്കല്‍ പരിശോധനക്ക് ശേഷം പൊന്നാനി കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു










