പാമ്പുകടിയേറ്റ പെൺകുട്ടി വാഹന സൗകര്യത്തിന്റെ അഭാവംമൂലം മരണപ്പെട്ടു. പാമ്പുകടിയേറ്റ കസ്‌തൂരി (13) എന്ന പെൺകുട്ടിയെ എട്ടു കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിൽ പെന്നാഗരത്തെ ഒരു മലയോര ഗ്രാമത്തിലാണ് സംഭവം നടന്നത്. സഹോദരങ്ങൾക്കൊപ്പം പച്ചില പറിക്കുന്നതിനിടെയാണ് കസ്‌തൂരിക്ക് പാമ്പ് കടിയേറ്റതെന്നാണ് വിവരം. വാഹനസൗകര്യം ഇല്ലാത്തതിനാൽ തുണിതൊട്ടിലിൽ ചുമന്നുകൊണ്ടാണ് നാട്ടുകാർ കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. എന്നാൽ വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു. നാട്ടുകാർ കുട്ടിയെ ചുമന്നുകൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് നാട്ടുകാർ കുട്ടിയെയും കൊണ്ട് കുന്നിറങ്ങിയത്. അവിടെനിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് പ്രാഥമികാരോഗ്യ കേന്ദ്രം. കുന്നിറങ്ങിയതിനുശേഷം ആശുപത്രിയിൽ എത്തിക്കുന്നതിനായി കുട്ടിയെ ഓട്ടോയിൽ കയറ്റിയെങ്കിലും അപ്പോഴേയ്ക്കും മരണപ്പെട്ടിരുന്നു.
വാഹനസൗകര്യമില്ലാത്തതിനാൽ ഗ്രാമവാസികളിൽ പലരും ഇതിന് മുൻപ് മരണപ്പെട്ടിട്ടുള്ളതായി വിമർശനങ്ങൾ ഉയരുന്നുണ്ട്. അതിനാൽ സർക്കാർ വേണ്ട സൗകര്യമൊരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഗ്രാമത്തിൽ 40 കുടുംബങ്ങളിലായി ഇരുന്നൂറോളം പേർ ഉണ്ടെന്നാണ് വിവരം. ഗ്രാമവാസികളായ കുട്ടികൾ 15 കിലോമീറ്ററോളം നടന്നാണ് സ്‌കൂളിലെത്തുന്നത്. കൂലിപ്പണിക്കാരായ ഗ്രാമവാസികൾ കാൽനടയായി കുന്നിറങ്ങിയാണ് ജോലിക്ക് പോകുന്നതെന്നും നാട്ടുകാർ പറയുന്നു.