പൊന്നാനി: നൈതല്ലൂർ സ്വദേശി എൻ. പി. അഷ്റഫ് തന്റെ രണ്ട് പെൺമക്കളായ ഡോ. അമൽ, ഖദീജ മുഫ്റഹ് എന്നിവരുടെ വിവാഹത്തോടൊപ്പം വെളിയങ്കോട് സ്വദേശിനി ആദിത്യയുടെയും വിവാഹം നടത്തി മാതൃകയായി.പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) കേന്ദ്ര സെക്രട്ടറിയായ അഷ്റഫ്,സംഘടനയുടെ “അംഗങ്ങൾ സ്വന്തം മക്കളുടെ വിവാഹത്തോടൊപ്പം മറ്റൊരു പെൺകുട്ടിയുടെ വിവാഹമെങ്കിലും ഏറ്റെടുത്ത് നടത്താൻ ശ്രമിക്കണം” എന്ന ആശയം സ്വന്തം കുടുംബത്തിൽ തന്നെ നടപ്പിലാക്കുകയായിരുന്നു.അക്ബർ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിൽ നരിപ്പറമ്പ് മനക്കൽ വാസുദേവൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ചങ്ങരംകുളം കോക്കൂർ സ്വദേശി ലതീഷാണ് ആദിത്യയുടെ വരൻ.ചടങ്ങിൽ കെ. പി. നൗഷാദലി എം എൽ എ, മഖ്ദൂം എം.പി. മുത്തുക്കോയ തങ്ങൾ, സി ഹരിദാസ്,സി. എസ്. പൊന്നാനി, എൻ. പി.കുഞ്ഞിമോൻ, പി. കോയക്കുട്ടി മാസ്റ്റർ, കെ. സിദ്ധീഖ് മൗലവി അയിലക്കാട്, സി. വി. മുഹമ്മദ് നവാസ്,അടാട്ട് വാസുദേവൻ മാസ്റ്റർ, മുജീബ് കിസ്മത്ത്, ശാരദ ടീച്ചർ, റംല കെ. പി. എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.







