പൊന്നാനി: പൊന്നാനി താലൂക്കിലെ ഏക കുംഭാര ഗ്രാമമായ ഈഴുവത്തിരുത്തിയിലെ കുംഭാര ഗ്രാമം കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു.ഏകദേശം ഒരു ഏക്കർ ഭൂമിയിൽ 28 കുംഭാരകുടുംബങ്ങളാണ് വർഷങ്ങളായി താമസിച്ചു വരുന്നത്.താമസ യോഗ്യമല്ലാത്ത വീടുകളും, കുടിവെള്ളക്ഷാമവുംഅഴുക്കുചാൽ ഇല്ലാത്തതും നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാര നടപടികളൊന്നും ഉണ്ടായിട്ടില്ല.മൺപാത്ര നിർമ്മാണമാണ് ഇവരുടെ കുലത്തൊഴിൽ.ഇതിനുവേണ്ട ചൂളപ്പുര, മൺപാത്ര നിർമ്മാണ യന്ത്രങ്ങൾ, കളിമൺ തുടങ്ങിയ നിർമ്മാണത്തിനു വേണ്ട പലതും ലഭിക്കാത്തത് കാരണം മറ്റ് തൊഴിലുകൾ ചെയ്താണ് ജീവിതം ഇവര്‍ മുന്നോട്ടു കൊണ്ടു പോകുന്നത്.മഴ പെയ്താൽ ഉണ്ടാകുന്ന വെള്ളക്കെട്ടും,ഗതാഗത യോഗ്യമല്ലാത്ത വഴിയും ഇവർക്ക് ദുരിതമാണ്. കുംഭാര ഗ്രാമത്തിന് സമീപമുള്ള പൊതു കിണർ വൃത്തിയാക്കാത്തത് കാരണം കിണർ ഉപയോഗശൂന്യമായി കിടക്കുകയാണ്.കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥ നേരിട്ട് അറിയുവാൻ വേണ്ടി എത്തിയ നൗഷാദലി എംഎൽഎക്ക് കളിമൺ പാത്രം നൽകിയാണ് സ്വീകരിച്ചത്. കുംഭാര സമുദായക്കാരുടെ പ്രശ്ന പരിഹാരത്തിന് എംഎൽഎ ഫണ്ട് ഉപയോഗിച്ച് ശുദ്ധജലം ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും, പിന്നോക്ക വിഭാഗ വകുപ്പിനോട് മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ ആവശ്യപ്പെടുമെന്നും എംഎൽഎ കുംഭാര നിവാസികൾക്ക് ഉറപ്പുനൽകി.







