സർക്കാർജീവനക്കാർക്കുപുറമേ അതിസമ്പന്നരും ക്ഷേമപെൻഷൻ നേടുന്നുവെന്ന് കണ്ടെത്തൽ.അത്യാഡംബരവാഹനമായ ബി.എം.ഡബ്ല്യു. കാർ ഉടമകളും പെൻഷൻ വാങ്ങുന്നതായി മലപ്പുറത്ത് കോട്ടയ്ക്കൽ നഗരസഭയിൽ ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തി.
അനർഹർ പെൻഷൻ തട്ടുന്നതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം നടത്താൻ തദ്ദേശ, റവന്യുവകുപ്പുകൾക്ക് മന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകി.കോട്ടയ്ക്കൽ നഗരസഭയിലെ മുഴുവൻ പെൻഷൻകാരുടെയും അർഹത പരിശോധിക്കും.സംസ്ഥാനവ്യാപകമായി അന്വേഷണം നടത്തും.കോട്ടയ്ക്കൽ ഏഴാംവാർഡിൽ പെൻഷൻ വാങ്ങുന്നവരിൽ ഭൂരിപക്ഷവും അനർഹരാണെന്ന് കണ്ടെത്തി. 42 പേരിൽ 38 പേരും അനർഹർ.ഇതിൽ മിക്കവരുടെയും വീടുകൾ എയർകണ്ടീഷണർ ഉള്ളതും രണ്ടായിരത്തിലേറെ ചതുരശ്രയടി വിസ്തീർണമുള്ളതുമാണ്
2000 ചതുരശ്രയടിക്ക് മുകളിലുള്ള,എ.സി.യുള്ള വീടുകളിൽ താമസിക്കുന്ന, വർഷം ഒരുലക്ഷത്തിലേറെ രൂപ വരുമാനമുള്ളവർക്ക് പെൻഷൻ നൽകരുതെന്നാണ് വ്യവസ്ഥ. ഒരു വാർഡിൽമാത്രം ഇത്രയധികം അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നിൽ അഴിമതിയും ഗൂഢാലോചനയും ഉണ്ടെന്നാണ് വിലയിരുത്തൽ.
പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥൻ, വരുമാനസർട്ടിഫിക്കറ്റ് നൽകിയ റവന്യു ഉദ്യോഗസ്ഥൻ, പെൻഷൻ അനുവദിച്ചയാൾ എന്നിവർക്കെതിരേയാണ് അന്വേഷണം. ബാങ്ക് അക്കൗണ്ട് വഴി ക്ഷേമപെൻഷൻ വാങ്ങുന്നവരുടെ അർഹതയെപ്പറ്റി കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താൻ എല്ലാ തദ്ദേശസ്ഥാപനങ്ങളോടും ധനവകുപ്പ് നിർദേശിക്കും