ന്യൂഡൽഹി: പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഉള്‍പ്പെടെ പ്രതികളായ 17 പിഎഫ്‌ഐ പ്രവർത്തകർക്കും ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ വിമർശനവുമായി സുപ്രിംകോടതി. എല്ലാ പ്രതികൾക്കും ജാമ്യം നൽകിയതിൽ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിശോധിക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയില്‍ പ്രതികള്‍ക്ക് സുപ്രിംകോടതി നോട്ടീസയച്ചിട്ടുണ്ട്. ജാമ്യം നിഷേധിച്ച പ്രതികളുടെ ഹർജി അടുത്തമാസം 13നു വീണ്ടും പരിഗണിക്കും.2022 ഏപ്രിലിൽ പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉൾപ്പെടെ 17 പേർക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ എൻഐഎ രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിലെ പ്രതികളും 17 പ്രതികളിൽ ഉൾപ്പെടുന്നു. ജാമ്യം ലഭിച്ചവരിൽ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനും ഉണ്ടായിരുന്നു. പിഎഫ്ഐയുടെ കൊലപാതക സംഘത്തിന് പരിശീലനം നൽകിയെന്നായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തിൽ, 2024 സെപ്റ്റംബറിൽ ഇതേ കൊലപാതകക്കേസിലെ മറ്റൊരു പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാനടക്കം 17 പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന എൻഐഎ വാദം തള്ളിയാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്.