പോത്തൻകോട് ലക്ഷ്മിവിലാസം സ്കൂളിലെ വിദ്യാർഥികളുമായി പോയ സ്വകാര്യ ടെംപോ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. പോത്തൻകോട് പതിപ്പള്ളികോണം ചിറയ്ക്ക് സമീപം ഇറക്കത്തിൽ നിയന്ത്രണം വിട്ട് റോഡരികിലെ മൺതിട്ടയിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു ടെംപോ വാൻ.അപകടത്തിൽ എട്ട് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.
ഇന്ന് വൈകുന്നേരം 4.15 നാണ് അപകടമുണ്ടായത്. ആറ് കുട്ടികൾക്ക് നിസാര പരുക്കാണ് ഏറ്റത്. വീഴ്ചയിൽ തലക്ക് പരുക്കുള്ള രണ്ടു കുട്ടികളെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. 19 ഓളം കുട്ടികളാണ് ഈ ബസ്സിൽ യാത്ര ചെയ്തിരുന്നത്. ഇവരെല്ലാം കണിയാപുരം സ്വദേശികളാണ്. കണിയാപുരം ഭാഗത്തേക്ക് സ്കൂൾ ബസ് ഇല്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങളെയാണ് കുട്ടികളടെ മാതാപിതാക്കൾ ആശ്രയിച്ചുവരുന്നത്. കുട്ടികളെ എല്ലാം ബസ്സിന് മുകളിലത്തെ ജനൽ വഴി പുറത്തെടുത്തു. പരുക്കേറ്റവരെ പോത്തൻകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.