ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് കോൺഗ്രസ്സ് നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം സന്ദീപ് അറിയിച്ചത്. രാഷ്ട്രീയമായി അനാഥമാവില്ലെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സന്ദീപ് പറയുന്നു.പോസ്റ്റിന്റെ പൂർണരൂപം‘വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ പൂർണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാൻ, കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാൻ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല. ഇതുറപ്പാണ്.’ഇന്നലെയാണ് വയനാട് ബിജെപി മുൻ ജില്ലാ പ്രസിഡന്റ് കെ പി മധു രാജി വച്ചത്. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു പറഞ്ഞു. ഗ്രൂപ്പ് കളിക്കാനും തമ്മിലടിക്കാനും ബിജെപി വേണമെന്ന് നിർബന്ധമില്ലല്ലോ എന്നും മധു കൂട്ടിച്ചേർത്തു. തൃശ്ശൂരിൽ ബിജെപി ജയിച്ചത് സെലിബ്രറ്റി ആയതുകൊണ്ടാണെന്നും മധു വിമർശിച്ചു.‘നമ്മളൊക്കെ ബിജെപിയിൽ ചേർന്നത് ഗ്രൂപ്പ് കളിക്കാനോ തമ്മിലടിക്കാനോ ഗുസ്തി കളിക്കാനോ വേണ്ടിയല്ല. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് വേണ്ടിയാണ്. ഗ്രൂപ്പുകളിയുടെ ഭാഗമാണ് പാലക്കാടുണ്ടായ വിഷയങ്ങൾ പോലും. പാലക്കാട്ടെ സ്ഥാനാർത്ഥികളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം, വയനാട്ടിലെ കാര്യം നിങ്ങൾ നോക്കിക്കോളൂ എന്ന് രണ്ട് ഗ്രൂപ്പിന് വീതം വെച്ച് കൊടുത്തു.അങ്ങനെ വീതം വെച്ച് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഈ ആരോപണ പ്രത്യാരോപണങ്ങളെല്ലാം’- കെപി മധു പറഞ്ഞു. രാജിക്ക് പിന്നാലെ മധു കോൺഗ്രസിലേക്ക് എന്ന അഭ്യൂഹങ്ങൾ വന്നിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരുടെ പരോക്ഷ ക്ഷണം.