ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെതിരെ അപകീർത്തിപരമായ പോസ്റ്ററുകൾ പങ്കുവച്ച കേസിൽ സംവിധായകൻ രാം ഗോപാൽ വർമയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറുപ്പെടുവിച്ച് പൊലീസ്. തിങ്കളാഴ്ച രാവിലെ മുതൽ സംവിധായകൻ ഒളിവിലാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സംവിധായകനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മുഖ്യമന്ത്രി നായിഡുവിൻ്റെയും ഉപമുഖ്യമന്ത്രി പവൻ കല്യാണിൻ്റെയും കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലെ ചിത്രങ്ങൾ സംവിധായകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. സിനിമാ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു ചിത്രങ്ങൾ സോഷ്യൽ മീഡിയിയൽ പങ്കുവച്ചത്. ഇതിനെ തുടർന്ന്, നവംബർ 11 ന് പ്രകാശം ജില്ലയിലെ മദ്ദിപ്പാട് പോലീസ് സ്റ്റേഷനിൽ സംവിധായകനെതിരെ കേസ് രജിസ്റ്റർ ചെയ്തു.സാമൂഹികമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്ഷേപിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. മോശം പരാമർശം നടത്തിയതായും ആരോപണം ഉയർന്നിരുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകന്‍ നാരാ ലോകേഷ്, മരുമകള്‍ ബ്രഹ്‌മണി എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് തന്റെ പുതിയ ചിത്രം ‘വ്യൂഹ’ത്തിന്റെ പ്രമോഷന്റെ ഭാഗമായി രാം ഗോപാല്‍ വര്‍മ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ഐടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.മഡിപ്പാട് സ്വദേശി രാമലിംഗം (45) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വർമ്മയ്‌ക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്.