കോഴിക്കോട്: ഉള്ളിയേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ. കൊയിലാണ്ടി കാരാപൊയിൽ മൂസയുടെ മകൻ ഫിറോസ് (29), പയ്യന്നൂർ ഹരിവിലാസം വീട്ടിൽ ശിവദാസിന്റെ മകൾ ശീതൾ ശിവദാസ് (21) എന്നിവരാണ് പിടിയിലായത്. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിന് സമീപമുള്ള ബ്ലൂ മെറിഡിയൻ അപ്പാർട്ട്മെന്റിൽനിന്നാണ് ഇരുവരും പിടിയിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ച 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവുമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. പാക്കിങ് സാമഗ്രികളും ഇലക്ട്രോണിക് ത്രാസുകളും കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.







