എഎഫ്‌സി ചാമ്പ്യന്‍ ലീഗ് ചാമ്പ്യന്‍സ് ലീഗ് എലൈറ്റ് മത്സരത്തില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് അല്‍ നസര്‍. അല്‍ ഖരാഫയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് അല്‍ നസര്‍ സ്വന്തമാക്കിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടഗോളുകളുമായി കളംനിറഞ്ഞു.ഖത്തറിലെ ഫിഫ ലോകകപ്പ് വേദികളിലൊന്നായ അല്‍ ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ പ്രായത്തെ വെല്ലുന്ന മിന്നുംപ്രകടനമാണ് റൊണാള്‍ഡോ കാഴ്ചവെച്ചത്. റൊണാള്‍ഡോയുടെ എട്ട് ഷോട്ടുകളില്‍ നാലെണ്ണവും ഓണ്‍ ടാര്‍ഗറ്റിലായിരുന്നു. കീ പാസുകളുമായി കളംവാണ അല്‍ നസര്‍ ക്യാപ്റ്റന്‍ ആരാധകരെ ആവേശത്തിലാക്കി.ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു മത്സരത്തിലെ എല്ലാ ഗോളുകളും പിറന്നത്. അല്‍ നസര്‍ തന്നെയാണ് ആദ്യം മുന്നിലെത്തിയത്. 46-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിന്‍റെ ആദ്യഗോള്‍ നേടി.58-ാം മിനിറ്റില്‍ ഏഞ്ചലോ ഗബ്രിയേലിലൂടെ അല്‍ നസര്‍ ലീഡ് ഇരട്ടിയാക്കി. 64-ാം മിനിറ്റില്‍ റൊണാള്‍ഡോ തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോ അല്‍ നസര്‍ മൂന്ന് ഗോളുകളുടെ വമ്പന്‍ ലീഡുറപ്പിച്ചു. 75-ാം മിനിറ്റില്‍ ജോസെലുവിലൂടെ തിരിച്ചടിച്ചെങ്കിലും അത് അല്‍ ഖരാഫയുടെ ആശ്വാസഗോള്‍ മാത്രമായി മാറി.എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസറിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്. അഞ്ച് മത്സരങ്ങളില്‍ 13 പോയിന്റുമായി ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാമതാണ് റൊണാള്‍ഡോയും സംഘവും. നാല് പോയിന്റുമായി എട്ടാമതാണ് ഖരാഫ.