തിരുന്നാവായ : കുംഭമേളയോടനുബന്ധിച്ച് ആരോഗ്യവകുപ്പ് ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിനായി വ്യാപകമായ ശുചിത്വ പരിശോധന നടത്തി. മേളയിലെ ഭക്ഷണ നിർമ്മാണശാലകൾ, ഭക്ഷണ വിതരണ കേന്ദ്രങ്ങൾ, പരിസരങ്ങളിലെ കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി നടത്തിയ പരിശോധനയിൽ ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി.
ഭക്ഷണ നിർമ്മാണശാലകളിലും ഭക്ഷണ വിതരണ പുരകളിലും ശുചിത്വം, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, സൂക്ഷിപ്പ് രീതികൾ തുടങ്ങിയവ പരിശോധിച്ചു. കുടിവെള്ള ശുചിത്വത്തിന്റെ ഭാഗമായി പരിസര പ്രദേശങ്ങളിലെ വീടുകളിലെ കിണറുകൾ ക്ലോറിനേഷൻ നടത്തി. കൂടാതെ കച്ചവട സ്ഥാപനങ്ങളിൽ ശുദ്ധമായ കുടിവെള്ളം മാത്രം ഉപയോഗിക്കണമെന്നും വ്യക്തിഗത ശുചിത്വവും പരിസര ശുചിത്വവും കർശനമായി പാലിക്കണമെന്നും നിർദ്ദേശം നൽകി.
ശുചിത്വ ലംഘനങ്ങൾ കണ്ടെത്തുന്ന പക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർമാരായ സലീം കൂട്ടിൽ, രാജേഷ് പ്രശാന്തിയിൽ, ടി.വി. സരിത, ഷെമീമ ജാസ്മിൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. മേളക്കാലയളവിൽ തുടർച്ചയായ നിരീക്ഷണവും പരിശോധനകളും നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.







