ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയ്ക്ക് വീഴ്ച. സ്വർണം ചെമ്പാക്കിയ മിനുട്ട്സിൻ്റെ ശാസ്ത്രീയ പരിശോധന നടത്തിയില്ല. എ പത്മകുമാറിനെതിരായ നിർണായക തെളിവിലാണ് മെല്ലപ്പോക്ക്. ചെമ്പ് എന്ന് എഴുതിയത് പത്മകുമാറെന്ന് ഉറപ്പിക്കാൻ കയ്യക്ഷരം പരിശോധിക്കണം. ഇതിനായി സാംപിൾ ശേഖരിച്ചത് മൂന്ന് ദിവസം മുൻപാണ്. പത്മകുമാർ അറസ്റ്റിലായി രണ്ട് മാസം കഴിഞ്ഞപ്പോളാണ് നടപടി. ഫലം ലഭിക്കാതെ കുറ്റപത്രവും നൽകാനായേക്കില്ല.
അതേസമയം മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യത്തിലിറങ്ങാതിരിക്കാൻ പുതിയ കേസുകളെടുക്കാനാണ് പൊലീസ് നീക്കം. റിയൽ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ കേസ് എടുത്തേക്കും. ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. ഫെബ്രുവരി രണ്ടിന് കട്ടിളപാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായി 90 ദിവസം പിന്നിടും.
തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിൽ പോറ്റിക്കെതിരെ നേരത്തെ പരാതികൾ എത്തിയിരുന്നു. സ്വർണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് തടയാൻ നീക്കം. അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലുള്ള പന്ത്രണ്ടാം പ്രതിയും ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സിഇഒയുമായ പങ്കജ് ഭണ്ഡാരിയുടെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അറസ്റ്റും എസ്ഐടിയുടെ നടപടിക്രമങ്ങളും നിയമവിരുദ്ധമെന്നാണ് ഹർജിയിലെ ആരോപണം







