ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ ജീവനൊടുക്കിയ സംഭവത്തിൽ
ദീപക് സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാൻ പൊലീസ്. സ്വകാര്യ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ദീപകും ഷിംജിത മുസ്തഫയും ബസില്‍ കയറിയത് മുതലുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിക്കുക. ബസ് ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യത്തിന്‍റെ മുഴുവന്‍ ഭാഗങ്ങളും വീണ്ടെടുക്കാനാൻ പൊലീസ് ശ്രമം തുടങ്ങി. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് നീക്കം.യുവതി വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇന്നലെ കേസെടുത്തതിന് പിന്നാലെ യുവതി കടന്നുകളഞ്ഞതായി വിവരം.നേരത്തെ ദുബൈയിലായിരുന്ന യുവതി അവിടേക്ക് മാറിയതായാണ് സംശയം. അറസ്റ്റ് ഭയന്നാണ് യുവതിയുടെ നീക്കം.
കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇന്നലെ യുവതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇന്നലെ യുവതിയുടേയും യുവാവിന്റെ കുടുംബത്തിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതി നൽകിയ മൊഴിയിൽ ബസ്സിൽ വെച്ച് ലൈംഗികാതിക്രമം നടന്നില്ലെന്നാണ് പൊലീസ് നിഗമനം.
യുവതിയെ പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിത(ബിഎൻഎസ്) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. പത്തു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. മരിച്ച ദീപക്കിന്റെ മാതാവ് കെ.കന്യക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ലഭിച്ച പരാതികളിൽ പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമാണ് കേസെടുത്തത്.








