തിരുനാവായ:കേരള കുംഭമേളയുടെ ഭാഗമായി നിളാതീരത്ത് വിശേഷാൽ പൂജകൾ ആരംഭിച്ചു. 19ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കൊടിയേറ്റം നടത്തുന്നതോടെ മഹാമാഘ ഉത്സവം എന്ന പേരിൽ നടക്കുന്ന കുംഭമേള ആരംഭിക്കും. വിവിധ ഹിന്ദു സമ്പ്രദായങ്ങളിൽപെട്ട ഭക്തരെത്തി വിവിധ ആചാരങ്ങൾക്കനുസരിച്ച് ദേവതാ വന്ദനവും പിതൃകർമങ്ങളും നടത്തി. സ്വാമി അഭിനവ ബാലാനന്ദ ഭൈരവ കാർമികത്വം വഹിച്ചു. രാവിലെ 6 മുതൽ ത്രയോദശി, പ്രദോഷം, മൂലം നക്ഷത്രം എന്നിവ ഒത്തുചേർന്ന സമയത്ത് പിതൃയാനത്തിലെ വീരസാധന ക്രിയയും നടത്തി. ആയിനപ്പുള്ളി വൈശാഖ് ആചാര്യനുമായി.
പൂജകൾക്ക് ജുനാ അഘാഡയുടെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്, ശ്രീരാമദാസ മിഷൻ യൂണിവേഴ്സൽ സൊസൈറ്റിയിലെ ശ്രീശക്തി ശാന്താനന്ദ മഹർഷി, ബ്രഹ്മചാരി പ്രവിത് സ്വാമി എന്നിവർ നേതൃത്വം നൽകി. കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴ ആരംഭിക്കുന്ന തമിഴ്നാട്ടിലെ ഉദുമൽപേട്ടിനടുത്തുള്ള തിരുമൂർത്തി മലയിൽ നിന്ന് 19ന് രാവിലെ ശ്രീചക്രവുമായി രഥയാത്ര പുറപ്പെടും. ഉദുമൽപേട്ട്, പൊള്ളാച്ചി, എട്ടിമട, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സ്വീകരണമേറ്റു വാങ്ങി 21ന് രഥയാത്ര പാലക്കാടെത്തും
തുടർന്ന് തൃശൂർ, ഷൊർണൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലും സ്വീകരണം നൽകിയ ശേഷം 22ന് വൈകിട്ട് തിരുനാവായയിലെത്തും. ഭാരതീയ ധർമ പ്രചാരസഭയുടെ ആചാര്യൻ യതീശാനന്ദനാഥനാണ് രഥയാത്രയെ നയിക്കുന്നത്. ബ്രഹ്മചാരി നിഖിലേശാമൃത ചൈതന്യ, സ്വാമി വേദാന്താനന്ദ സരസ്വതി എന്നിവരും തമിഴ്നാട്ടിലെ സന്യാസിമാരുമാണ് രഥയാത്രയ്ക്കു നേതൃത്വം നൽകുന്നത്.
കുംഭമേളയ്ക്ക് ഉയർത്താനുള്ള കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയിൽ നിന്നാണ് കൊണ്ടുവരുന്നത്. 18ന് രാവിലെ 10ന് കളരിയിൽ നിന്ന് യാത്ര പുറപ്പെടും. 47 അടി നീളമുള്ള കൊടിമരമാണിത്. സംസ്ഥാനത്തെ 4 അംബികാ ക്ഷേത്രങ്ങളിൽ നിന്നുള്ള ദീപശിഖകളും തിരുനാവായയിലെത്തിക്കും. കുംഭമേളയുടെ ഭാഗമായി എല്ലാ ദിവസവും കാശിയിലെ പണ്ഡിറ്റുമാർ നടത്തുന്ന നിളാ ആരതി മോഹൻജി ഫൗണ്ടേഷനാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഭക്ഷണപ്പുരയുടെ നേതൃത്വം വഹിക്കുന്നത് അമ്മു ഫൗണ്ടേഷനാണ്. 12,000 ചതുരശ്രയടി വിസ്തീർണമുള്ള വലിയ ഭക്ഷണപ്പന്തലാണ് തയാറാക്കിയിട്ടുള്ളത്











