പൊന്നാനി: തദ്ദേശ സ്വയംഭരണ വാർഡ് വിഭജനത്തിന്റെ ഭാഗമായി പൊന്നാനി നഗരസഭയിൽ പുതുതായി രണ്ട് വാർഡുകൾ കൂടി രൂപം കൊണ്ടു. പൊന്നാനി കർമ റോഡിന് സമീപത്തെ എട്ട്, ഒമ്പത്, 10 വാർഡുകൾ വിഭജിച്ച് പുഴയോര പാത വാർഡും കടവനാട് മേഖലയിലെ വാർഡുകൾ വിഭജിച്ച് കനോലി കനാൽ വാർഡുമാണ് പുതുതായി വരിക. ബിയ്യം, മരക്കടവ് ഭാഗത്തെ വാർഡുകളുടെ പകുതി ഭാഗം സമീപ വാർഡുകളിലേക്ക് കൂട്ടിച്ചേർക്കും. നഗരസഭയിലെ 80 ശതമാനം വാർഡുകളുടെയും അതിർത്തി പുനർനിർണയവും നടക്കും. വാർഡ് ഒന്ന് മുതൽ 51 വാർഡുകളിലും പുനഃക്രമീകരണം നടന്നിട്ടുണ്ട്.വീടുകളുടെ എണ്ണം, ജനസംഖ്യ, ഭൂപ്രകൃതി എന്നിവ പരിഗണിച്ചാണ് വിഭജനം നടത്തിയത്. 372 വീടുകൾ ശരാശരി ഒരു വാർഡിൽ വരുന്ന തരത്തിലാണ് ക്രമീകരണം നടത്തിയത്. വീടുകളുടെ എണ്ണം 335 ൽ കുറയാതെയും 408 ൽ കൂടാതെയുമാണ് വിഭജനം നടത്തിയിട്ടുള്ളത്.പുതിയ ദേശീയപാതയുടെ ഇരുഭാഗങ്ങളും അതിർത്തിയായി നിശ്ചയിച്ചിട്ടുണ്ട്. 2001ൽ പൊന്നാനിയിൽ ഒന്നേകാൽ ലക്ഷമായിരുന്നു ജനസംഖ്യ. നിലവിൽ ഒന്നര ലക്ഷത്തിലധികം ജനസംഖ്യയുണ്ടെന്നാണ് കണക്കാക്കുന്നത്.51 വാർഡുകളുണ്ടായിരുന്ന നഗരസഭയിലെ വാർഡുകളുടെ എണ്ണം 53 ആയി ഉയർന്നപ്പോൾ സംസ്ഥാനത്തെ തന്നെ കൂടുതൽ വാർഡുകളുള്ള നഗരസഭയിൽ ഒന്നായി പൊന്നാനി മാറി. ഡിസംബർ മൂന്ന് വരെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ സമർപ്പിക്കാൻ സാധിക്കും.