പാരഡി ഗാനരചയിതാവ് കുഞ്ഞബ്ദുളളക്ക് കോൺഗ്രസിൻെറ പിന്തുണ. നിയമപോരാട്ടത്തിന് പാർട്ടി പിന്തുണ നൽകുമെന്ന് കെ.സി വേണുഗോപാൽ. കുഞ്ഞബ്ദുളളയെ ഫോണിൽ വിളിച്ചാണ് പിന്തുണയറിയിച്ചത്. കേരളം ഏറ്റുപാടുന്ന പാട്ടെഴുതിയിതിന് അഭിനന്ദനവും അറിയിച്ചു.ശബരിമല സ്വർണക്കൊള്ള പരാമർശിക്കുന്ന പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി പാട്ട് എഴുതിയ ജി പി കുഞ്ഞബ്ദുള്ള. കേസിനെ നിയമപരമായി നേരിടുമെന്നും മതവികാരം വ്രണപ്പെട്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജി പി കുഞ്ഞബ്ദുള്ള പറഞ്ഞു.തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ ആണ് നാലുപേർക്കെതിരെ കേസ്. ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, ‘പോറ്റിയെ കേറ്റിയെ’ ഗാനം ആലപിച്ച ഡാനിഷ് മലപ്പുറം സിഎംഎസ് മീഡിയ സുബൈർ പന്തല്ലൂർ എന്നിവരാണ് നാല് പ്രതികൾ. അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തി സമൂഹത്തെ ഇളക്കി വിട്ടെന്നുമാണ് എഫ്ഐആർ.അതേസമയം പാരഡി ഗാനത്തിന്റെ പേരിൽ കേസെടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാരഡി ഗാനം ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നതെല്ലെന്നും വി ഡി സതീശൻ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമെന്ന് വിഡി സതീശൻ വിമർശിച്ചു. സംഘപരിവാറിന്റെ അതേ കളിയാണ് കേരളത്തിൽ സിപിഎമ്മും കളിക്കുന്നത്.സാംസ്കാരിക ലോകത്തിന് മുന്നിൽ മുഖ്യമന്ത്രി തലകുനിച്ച് നിൽക്കണമെന്നും വിഡി സതീശൻ പറഞ്ഞു. തീവ്ര വലതുപക്ഷ സർക്കാരുകളുടെ അതേ നയമാണ് ഇടതുപക്ഷ സർക്കാരിനും. ഈ നിലപാട് കേരളത്തിന് അപമാനമെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.









