തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതിയിലെ രണ്ടാമത്തെ കേസില്‍ യുവതിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വീട്ടില്‍വന്ന് ബഹളമുണ്ടാക്കിയെന്നും രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാനെ ഭയമാണെന്നും രണ്ടാമത്തെ പരാതിക്കാരിയുടെ മൊഴി. പ്രതികാരം ഭയന്നാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി പറഞ്ഞു.കേസിന്റെ ആദ്യഘട്ടത്തില്‍ കൃത്യമായ മേല്‍വിലാസമില്ലാതെ ഒരു ഇ-മെയില്‍ വഴിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി പോലീസിന് ലഭിച്ചത്. പരാതിക്കാരി മൊഴി നല്‍കുമോ എന്നതായിരുന്നു പോലീസിനെ കുഴപ്പിച്ചത്. ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍, തിങ്കളാഴ്ച പോലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. പ്രത്യേകസംഘത്തെ നേരിട്ടു കണ്ട് മൊഴി നല്‍കുകയായികുന്നു.അതീവ രഹസ്യമായി അതിജീവിതയുടെ വൈദ്യപരിശോധനയും പോലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് താമസിച്ചിരുന്ന യുവതി കേസ് അന്വേഷണത്തില്‍ സഹകരിക്കാനായാണ് കേരളത്തിലേക്ക് എത്തിയിരിക്കുന്നത്. വിവാഹക്കാര്യവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ വീട്ടില്‍വന്ന് ബഹളമുണ്ടാക്കിയിട്ടുണ്ടെന്നും യുവതിയുടെ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.യുവതിയുടെ പരാതിയില്‍ പറയുന്നതനുസരിച്ച്, വിവാഹം കഴിക്കാം എന്ന വാഗ്ദാനം നല്‍കിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയുമായി അടുപ്പത്തിലായത്. അതിന്റെ മറവിലാണ് ബലാത്സംഗം നടത്തിയത്. യുവതിയുടെ മൊഴി പ്രകാരം, യുവതിയുടെ വീട്ടിലടക്കംചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇവരുടെ വിവാഹത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്നാല്‍, യുവതിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ ശേഷവും രാഹുല്‍ യുവതിയുടെ വീട്ടില്‍ വിവാഹാലോചനയുമായി എത്തിയിരുന്നു. എന്നാല്‍, പിന്നീട് ഈ നിലപാടില്‍ മാറ്റം വരികയും വിവാഹക്കാര്യത്തില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നോട്ടുപോവുകയുമായിരുന്നു എന്നാണ് യുവതിയുടെ മൊഴി. ഇതിനെ എതിര്‍ത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയുടെ വീട്ടിലെത്തുകയും അവരെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ല എന്നുപറഞ്ഞ് ബഹളമുണ്ടാക്കുകയും ചെയ്തതായി യുവതി പറയുന്നു.രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാനെ ഭയമാണെന്നും ഫെന്നി ഉള്‍പ്പെടെയുള്ള രാഹുലിന്റെ സംഘത്തില്‍നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍നിന്നുമുള്ള പ്രതികാര നടപടി ഉണ്ടാകുമെന്ന് ഭയന്നാണ് സംഭവത്തെക്കുറിച്ച് ഇതുവരെയും പരാതി നല്‍കാതിരുന്നതെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യപരാതി ഉയര്‍ന്നുവന്നതോടെയാണ് തനിക്കും അതിനുള്ള ധൈര്യം ലഭിച്ചതെന്നും യുവതി പറയുന്നു.പീഡനം നടന്നു എന്ന് പറയപ്പെടുന്ന ഹോംസ്‌റ്റേയുടെ അടുത്തുള്ള മറ്റൊരിടത്തുവെച്ചാണ് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍, ഇതുവരെയും പോലീസ് ഹോംസ്‌റ്റേയില്‍ പരിശോധന നടത്തിയിട്ടില്ല. അടുത്ത ദിവസങ്ങളില്‍ അതുണ്ടായേക്കും. ശാസ്ത്രീയ തെളിവുകളാണ് ഇനി കേസില്‍ ആവശ്യമുള്ളത്. അതുകൊണ്ടുതന്നെ ഫോറന്‍സിക് സംഘവുമായിട്ടായിരിക്കും പോലീസ് ഹോംസ്‌റ്റേയില്‍ പരിശോധനയ്ക്കെത്തുക എന്നും വിവരമുണ്ട്.











