ദുബായ്: ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ വിരാട് കോഹ്‌ലിക്ക് മുന്നേറ്റം. സഹതാരം ശുഭ്‌മാൻ ഗില്ലിനെ മറികടന്ന് കോഹ്‌ലി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ റാഞ്ചി ഏകദിനത്തിൽ നേടിയ ചരിത്ര സെഞ്ച്വറിയാണ് കോഹ്‌ലിക്ക് റാങ്കിംഗിൽ മുന്നേറാൻ സഹായകരമായത്.ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. ഇതോടെ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും ഇന്ത്യൻ താരങ്ങൾ കയ്യടക്കി എന്ന അപൂർവ്വ നേട്ടവും സ്വന്തമായി. രോഹിത് ശർമ്മ (ഒന്നാം സ്ഥാനം), വിരാട് കോഹ്‌ലി (രണ്ടാം സ്ഥാനം), ശുഭ്‌മാൻ ഗിൽ (മൂന്നാം സ്ഥാനം) എന്നിങ്ങനെയാണ് നിലവിലെ ക്രമം.റാഞ്ചിയിൽ നടന്ന മത്സരത്തിൽ 52-ാം ഏകദിന സെഞ്ച്വറി കുറിച്ച കോഹ്‌ലി സച്ചിൻ ടെണ്ടുൽക്കറുടെ ലോക റെക്കോർഡ് തിരുത്തിയിരുന്നു. ഈ തകർപ്പൻ ഫോമാണ് റാങ്കിംഗിലും പ്രതിഫലിച്ചത്. ബാബർ അസം നാലാം സ്ഥാനത്താണ്. ലോക ക്രിക്കറ്റിൽ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ അപ്രമാദിത്വം വിളിച്ചോതുന്നതാണ് പുതിയ ഐസിസി റാങ്കിംഗ്.റാഞ്ചിയിലെ മികച്ച ഫോം വിരാട് റായ്പുരിലും തുടർന്നു. രണ്ടാം ഏകദിനത്തിൽ കോഹ്ലി 102 റൺസാണ് അടിച്ചെടുത്തത്. ഇതോടെ കോഹ്ലിയുടെ സെഞ്ച്വറി നേട്ടം 84 ആയി.











