ചങ്ങരംകുളം:ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് പെരുമുക്കിൽ പഞ്ചായത്ത് അംഗം രാജിവച്ച ഒഴിവിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി റഷീദ് പെരുമുക്ക് മത്സരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇടത് വലത് മുന്നണികൾ നാളിതുവരെ നടത്തിവന്നിരുന്ന അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ ഉപതെരഞ്ഞെടുപ്പെന്ന് നേതാക്കള്‍ പറഞ്ഞു.മരണപ്പെട്ട വ്യക്തികളുടെ പേരിൽ ഉള്ള പെൻഷൻ തട്ടിയെടുത്തു കൊണ്ട് നിലവാരമില്ലാത്ത അഴിമതി കാണിച്ചതിന്റെ പേരിലാണ് യുഡിഎഫ് അംഗം രാജിവെക്കേണ്ടി വന്നത്.സമാനമായ മറ്റു അഴിമതികളും ഇയാൾക്കെതിരെ ഉയർന്നു വന്നിരുന്നു. ഈ മെമ്പർക്കെതിരെ ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് പോലീസിൽ പരാതി നൽകുകയും,പോലീസ് കേസെടുക്കുകയും ചെയ്യുന്നതുവരെ കോൺഗ്രസ് ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.എന്നാൽ ഈ അഴിമതി നടക്കുന്ന കാലയളവിൽ വാർഡിലെ മെമ്പർ എൽഡിഎഫ് പ്രതിനിധിയായിരുന്നു എന്നുള്ളതാണ് ഇവർ തമ്മിലുള്ള അന്തർധാര വ്യക്തമാക്കുന്നത്.എൽഡിഎഫും യുഡിഎഫും പൊതുസമൂഹത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ നടത്തുമ്പോഴും ഇരു മുന്നണികളും അണിയറയിൽ പരസ്പര സഹകരണ സംഘങ്ങളായി പ്രവർത്തിക്കുകയായിരുന്നു.ഒരു ജില്ലാ പഞ്ചായത്ത് മെമ്പറും,ഒരു ബ്ലോക്ക് മെമ്പറും ഉള്ള വാർഡാണ് പതിനെട്ടാം വാർഡ്. എന്നിട്ടും വികസനത്തിന്റെ കാര്യത്തിൽ ഇന്നും പിന്നോക്കാവസ്ഥയിലാണ് പെരുമുക്ക്.ഇരു മുന്നണികളുടെയും കാപട്യം തിരിച്ചറിഞ്ഞ ജനങ്ങൾ ഒരു ബദലിനെ തേടിക്കൊണ്ടിരിക്കുകയാണെന്നും ഈ ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ യുടെ മത്സരം ഇരു മുന്നണികൾക്ക് എതിരെയുള്ള വിധിയെഴുത്തായിരിക്കുമെന്നും എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞുഎസ്ഡിപിഐയുടെ സ്ഥാനാർത്ഥിയായി പാർട്ടിയുടെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും സാമൂഹിക ജീവകാരുണ്യ മേഖലയിലെ സജീവ പ്രവർത്തകനുമായ റഷീദ് പെരുമുക്കിനെയാണ് പാർട്ടി പ്രഖ്യാപിച്ചിട്ടുള്ളത്.വാർത്ത സമ്മേളനത്തിൽ എസ് ഡി പി ഐ പഞ്ചായത്ത് സെക്രട്ടറി അഷ്‌റഫ് പാവിട്ടപ്പുറം, കരീം ആലംകോട്, അലി കക്കിടിപ്പുറം, ഹംസ പെരുമുക്ക്, അഷ്‌റഫ് ആലംകോട് എന്നിവർ പങ്കെടുത്തു