കൊച്ചി: കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോർ കസ്റ്റഡിയിൽ. ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ പോലീസാണ് കസ്റ്റഡിയിൽ എടുത്തത്. സംശയാസ്പദമായ സാഹചര്യത്തിൽ കരുതൽ തടങ്കൽ എന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു.ഞായറാഴ്ച രാത്രി 8:00 മണിയോടുകൂടിയാണ് സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ നേരത്തെ തന്നെ ലിസ്റ്റിൽ പെട്ട ആളാണ്. മുൻപ് കേരളത്തിൽ ഒരു വലിയ മോഷണം നടത്തുകയും അതിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത വ്യക്തി ആയതുകൊണ്ട് തന്നെ ഇയാളുടെ സാന്നിധ്യം സംശയാസ്പദമായിട്ടാണ് പോലീസ് കാണുന്നത്.ഹൈക്കോടതിയിൽ ഒരു കേസ് ആവശ്യത്തിന് ഹാജരാകാൻ വേണ്ടിയാണ് താൻ കേരളത്തിൽ എത്തിയത് എന്നാണ് ബണ്ടി ചോർ പോലീസിന് നൽകിയിരിക്കുന്ന വിശദീകരണം. എന്നാൽ, ഈ കേസ് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പോലീസ് നിലവിൽ ഈ കാര്യങ്ങൾ പരിശോധിക്കുകയാണ്.നിലവിൽ ബണ്ടി ചോർ പോലീസ് കസ്റ്റഡിയിൽ തന്നെ തുടരുകയാണ്. കേരളത്തിൽ ഇയാൾക്കെതിരെ നിലവിൽ കേസുകൾ ഇല്ലെന്നാണ് പോലീസ് പറയുന്നത്. ഇയാൾ ഒരു ബാഗ് മാത്രമാണ് കയ്യിൽ കരുതിയിരുന്നത്. ഈ ബാഗിൽ വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മോഷണത്തിൽ ഉപയോഗിക്കുന്ന ടൂളുകളോ മറ്റ് സംശയിക്കാവുന്ന ഉപകരണങ്ങളോ ഒന്നും തന്നെ ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പോലീസ് പ്രാഥമികമായി നൽകുന്ന വിവരത്തിൽ പറയുന്നു.എന്ത് ലക്ഷ്യത്തോടെയാണ് ഈ വരവ് എന്ന ചോദ്യമാണ് പോലീസിനെ പ്രധാനമായും കുഴയ്ക്കുന്നത്. ഇയാളെ മുമ്പ് ആലപ്പുഴയിൽ കണ്ടതായി സൂചന ലഭിച്ചിരുന്നുവെങ്കിലും അന്ന് നടത്തിയ പരിശോധനയിൽ പോലീസിന് ബണ്ടി ചോറിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.









