ലക്നൗ:ഇന്ത്യ ഹിന്ദു രാഷ്ട്രവും ഹിന്ദു സമൂഹവുമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ലക്നൗവിൽ നടന്ന ദിവ്യഗീത പ്രേരണ ഉത്സവത്തിലായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തിരുന്നു
ഇന്ത്യ ഒരുകാലത്ത് വിശ്വ ഗുരു ആയിരുന്നു. എന്നാൽ അധിനിവേശങ്ങൾ ക്ഷേത്രങ്ങളെ നശിപ്പിച്ചു. നിർബന്ധിത മതപരിവർത്തനം ഉൾപ്പെടെയുള്ളവ രാജ്യത്തെ അടിമത്തത്തിലേക്ക് തള്ളിവിട്ടു. അധിനിവേശത്തിന്റെ നാളുകൾ കഴിഞ്ഞു. ഇപ്പോൾ നമ്മൾ രാമക്ഷേത്രത്തിനു മുകളിൽ പതാക ഉയർത്തി. നൂറ്റാണ്ടുകളുടെ അടിച്ചമർത്തലുകൾക്കിടയിലും ഇന്ത്യയുടെ സാംസ്കാരിക സ്വത്വം അതിജീവിച്ചു. ലോകത്തെക്കുറിച്ചുള്ള എല്ലാ പാരമ്പര്യങ്ങളുടെയും അറിവിന്റെയും സാരാംശം ഭഗവാൻ വ്യാസൻ ഗീതയിലെ 700 ശ്ലോകങ്ങളിലൂടെ നൽകിയിട്ടുണ്ട്. ആയിരം വർഷങ്ങൾക്ക് മുൻപു നടന്ന തരത്തിലുള്ള യുദ്ധങ്ങൾ ഇന്നും നടക്കുന്നുണ്ട്. കുറ്റകൃത്യങ്ങളും അത്യാഗ്രഹവും അതേപടി നിലനിൽക്കുന്നു
ഭഗവത് ഗീത എല്ലാ യുഗങ്ങളിലും സാഹചര്യങ്ങളിലും വ്യക്തതയും മാർഗനിർദേശവും നൽകുന്നു. ഒരാൾ ഗീതയെ അതിന്റെ യഥാർഥ രൂപത്തിൽ വായിക്കുകയും അത് ആഴത്തിൽ മനസിലാക്കുകയും വേണം. അപ്പോൾ എല്ലാം വ്യക്തമാകും. ഗീതയുടെ ഒരു പ്രത്യേക ഗുണം, നിങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം, നിങ്ങളുടെ നിലവിലെ സാഹചര്യത്തിനു പ്രസക്തമായ പുതിയ എന്തെങ്കിലും കണ്ടെത്തുന്നു എന്നതാണ്.
പ്രശ്നങ്ങളിൽ നിന്ന് ഓടിപ്പോകാൻ അല്ല ഭഗവാൻ കൃഷ്ണൻ വ്യക്തികളെ പഠിപ്പിക്കുന്നത്. മറിച്ച് ഉറച്ചുനിൽക്കാനും അവയെ നേരിടാനുമാണ്.
ഭൗതിക അഭിവൃദ്ധി വർധിച്ചുവരുന്നുണ്ടെങ്കിലും, സമൂഹത്തിൽ ധാർമികത, സമാധാനം, സംതൃപ്തി എന്നിവയുടെ അഭാവമുണ്ട്’’ – മോഹൻ ഭാഗവത് പറഞ്ഞു










