പെരുമ്പടപ്പ്: ജനവിധിയെന്ന അങ്കത്തിൽ ആദ്യം ഉപ്പയും പിന്നീട് ഉമ്മയും വിജയിച്ച വാർഡിൽ ഇത്തവണ മത്സരത്തിന് മകൻ എത്തുന്നു. സിപിഐ വിദ്യാർഥി – യുവജന വിഭാഗം നേതാവായ എ.എ. മുർഷിദുൽ ഹഖ് മത്സരിക്കുന്ന പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് തട്ടുപറമ്പ് ഒന്നാം വാർഡിലാണ് ഈ അത്യപൂർവമായ മത്സരം. പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആലി മുഹമ്മദിന്റെ വിയോഗത്തെ തുടർന്ന് 2008 -ൽ നടന്ന ഉപ തിരഞ്ഞെടുപ്പിലാണ് മുർഷിദുൽ ഹഖിന്റ പിതാവ് ആല്യാമിന്റെകത്ത് സിദ്ദീഖ് മത്സരിക്കുന്നതും ജനപ്രതിനിധിയാവുന്നതും തുടർന്ന് 2010 ൽ വനിതാ വാർഡ് ആയതിനാൽ സിദ്ദിഖിന്റെ ഭാര്യ ബുഷ്‌റ സിദ്ദീഖ് മത്സരിക്കുകയും 2010 -2015 കാലയളവിൽ ഒന്നാം വാർഡിന്റെ ജനപ്രതിനിധിയാവുകയും ചെയ്തു. പിന്നീട് 2015 ലെ തിരഞ്ഞെടുപ്പിൽ സിദ്ദീഖ് വീണ്ടും മത്സരിച്ചു വെങ്കിലും യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കോൺഗ്രസ് നേതാവും അധ്യാപകനുമായ വി.കെ. അനസിനോട് പരാജയപ്പെട്ടു. പിന്നീട് 2020 ലെ തിരഞ്ഞെടുപ്പിലും ഒന്നാം വാർഡ് കോൺഗ്രസ് നിലനിർത്തി. ഇത്തവണ പിതാവിൽനിന്ന് കൈവിട്ടു പോയ വാർഡ് തിരിച്ചു പിടിക്കാൻ എൽഡിഎഫ് ഇറക്കിയത് മകനെ തന്നെയാണ്. 2015 ൽ പിതാവിനെ പരാജയപ്പെടുത്തിയ വി.കെ. അനസ് തന്നെയാണ് സിദ്ദീഖ് – ബുഷ്‌റ ദമ്പതികളുടെ മകൻ മുർഷിദുൽ ഹഖിന്റെ എതിരാളി. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ച മുർഷിദുൽ ഹഖ് നിലവിൽ എഐവൈഎഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗമാണ്. അധ്യാപകനും വിദ്യാർഥി – യുവജന സംഘടന നേതാവും തമ്മിലുള്ള മത്സരമെന്ന നിലയിലും പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിലെ മത്സരം ശ്രദ്ധേയമായിരിക്കുകയാണ്.









