ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. രാം നാഥ് ഗോയങ്ക അനുസ്മരണ ചടങ്ങിൽ മോദിയുടെ പ്രസംഗത്തെയാണ് തരൂർ പുകഴ്ത്തിയത്. ഡൽഹിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിരുന്നതായും ചടങ്ങിൽ പ്രധാനമന്ത്രി വികസനത്തിനുവേണ്ടിയുള്ള വൃഗ്രതയേക്കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്ന് തരൂർ തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു. കാളോണിയലിസത്തിന് ശേഷമുള്ള മാനസികാവസ്ഥയില്‍ നിന്ന് മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രി വാദിക്കുകയും ചെയ്തതായി ശശി തരൂർ എക്സ് പോസ്റ്റിലൂടെ പറഞ്ഞു. പ്രധാനമന്ത്രിയെ പ്രകീർത്തിച്ചുകൊണ്ടുള്ള തരൂരിന്റെ പോസ്റ്റ് കോൺഗ്രസിനുള്ളിൽ അദ്ദേഹത്തിനെതിരെയുള്ള എതിർപ്പ് വീണ്ടും വർധിപ്പിച്ചതായാണ് സൂചന. ഇന്ത്യ വളർന്നുവരുന്ന വിപണി മാത്രമല്ല, മറിച്ച് ലോകമാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ശശി തരൂർ കുറിച്ചു. മഹാമാരി പോലുള്ള ആഗോള പ്രതിസന്ധികൾ അതിജീവിച്ചതിനാലും റഷ്യ-യുക്രൈൻ സംഘർഷത്തിനിടയിലും മുന്നോട്ട് പോകുന്നതിനാലും രാജ്യത്തിൻ്റെ സാമ്പത്തിക പ്രതിരോധശേഷി ലോകശ്രദ്ധ നേടി. താൻ എപ്പോഴും ഇലക്ഷൻ മോഡിലാണെന്ന് ആരോപിക്കപ്പെട്ടിരുന്നത്. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി താൻ വാസ്തവത്തിൽ ഇമോഷണൽ മോഡിലായിരുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു- തരൂർ കുറിച്ചു.പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ഒരു പ്രധാന ഭാഗം കൊളോണിയൽ മാനസികാവസ്ഥയെ അതിജീവിക്കുക എന്നതിനെ കുറിച്ചായിരുന്നുവെന്ന് തരൂർ പറഞ്ഞു. ഇന്ത്യയുടെ പൈതൃകം, ഭാഷകൾ, വിജ്ഞാന സംവിധാനങ്ങൾ എന്നിവയിലുള്ള അന്തസ്സ് വീണ്ടെടുക്കാൻ പത്തുവർഷക്കാലയളവുള്ള ഒരു ദേശീയ ദൗത്യത്തിനായി പ്രധാനമന്ത്രി അഭ്യർഥിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. “സാമ്പത്തിക വീക്ഷണത്തിനായും വികസനത്തിനുവേണ്ടി വ്യഗ്രതയോടെയിരിക്കാൻ രാജ്യത്തോടുള്ള ഒരു സാംസ്കാരിക ആഹ്വാനവുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സദസ്സിൽ ഉണ്ടായിരുന്നതിൽ സന്തോഷമുണ്ട്”, തരൂർ കുറിച്ചു.ശശി തരൂർ പ്രധാനമന്ത്രിയെക്കുറിച്ച് പുകഴ്ത്തി ആദ്യമായല്ല സംസാരിക്കുന്നത്. തരൂരും കോൺഗ്രസും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ച് മാസങ്ങളായി വഷളായിട്ടുണ്ട്, പ്രത്യേകിച്ചും ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം സൗഹൃദ രാജ്യങ്ങളിലേക്ക് അയച്ച സർക്കാർ പ്രതിനിധി സംഘത്തിലെ പ്രതിപക്ഷ മുഖങ്ങളിലൊന്നായി തരൂരിനെ തിരഞ്ഞെടുത്ത സമയം മുതലാണ് തരൂരും പാർട്ടിയും തമ്മിൽ തെറ്റിത്തുടങ്ങിയത്. യുഎസിലേക്കും മറ്റ് നാല് രാജ്യങ്ങളിലേക്കുമുള്ള പ്രതിനിധി സംഘത്തെ നയിച്ച തരൂർ പിന്നീട് പലയവസരങ്ങളിൽ പാർട്ടി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രധാനമന്ത്രിയെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിൻ്റെ അഭിപ്രായങ്ങൾ കോൺഗ്രസിൽ നിന്ന് രൂക്ഷമായ പ്രതികരണങ്ങൾക്ക് കാരണമായി. ഇത് വലിയൊരു പിളർപ്പിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കും ബിജെപിയിലേക്കുള്ള കൂറുമാറ്റത്തെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്കും വഴിവെച്ചു. എന്നാൽ അത്തരത്തിൽ സംഭവിക്കില്ലെന്ന് തരൂർ വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ 16 വർഷമായി താൻ പാർട്ടിയോടും അതിൻ്റെ പ്രത്യയശാസ്ത്രത്തോടും വിശ്വസ്തനായിരുന്നുവെന്നും പ്രമുഖ ദേശീയ മാധ്യമത്തോട് അദ്ദേഹം പ്രതികരിച്ചിരുന്നു.ഇതിനു മുൻപും ശശി തരൂരും കോൺഗ്രസും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ഗാന്ധി കുടുംബത്തിൻ്റെ നേതൃത്വ ശൈലിയിൽ അതൃപ്തി പ്രകടിപ്പിക്കുകയും സമ്പൂർണ്ണ മാറ്റം ആവശ്യപ്പെടുകയും ചെയ്ത ‘ജി-23′ നേതാക്കളുടെ സംഘത്തിൽ തരൂരും ഉണ്ടായിരുന്നു. അദ്ദേഹം പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തിരുന്നു. ഈ മാസം ആദ്യം ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ ഒരു ലേഖനം എഴുതിയിരുന്നു.’ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്സ്’ എന്ന ലേഖനം, കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, നാഷണൽ കോൺഫറൻസ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ കുടുംബവാഴ്ചയുള്ള രാഷ്ട്രീയ പാർട്ടികളെ കേന്ദ്രീകരിച്ചായിരുന്നു.











