ചങ്ങരംകുളം:തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നോടിയായി ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേർന്നു.തെരഞ്ഞെടുപ്പ് കാലയളവിൽ പാലിക്കേണ്ട നിയമനടപടികൾക്കും ക്രമസമാധാന നിയന്ത്രണങ്ങൾക്കുമായി സി.ഐ. ഷൈൻ വിശദമായ നിർദ്ദേശങ്ങൾ നൽകി.യോഗത്തിൽ പാർട്ടി പ്രവർത്തനങ്ങൾ സമാധാനപരമായ രീതിയിൽ നടത്തണം,പ്രചാരണ പ്രവർത്തനങ്ങൾ നിയമപ്രകാരം നിശ്ചയിച്ച സമയപരിധിയിൽ മാത്രമാകണം, ശബ്ദ മലിനീകരണം നിയന്ത്രിക്കണം,സ്റ്റേഷൻ പരിധിയിലെ വഴിയരികുകളിൽ അനധികൃത ബോർഡുകളോ പതാകകളോ സ്ഥാപിക്കരുത് എന്നിങ്ങനെ നിർദേശങ്ങൾ ഉന്നയിച്ചു.തെരഞ്ഞെടുപ്പ് ദിനത്തിൽ അനാവശ്യ കൂട്ടം ചേരലുകൾ ഒഴിവാക്കണമെന്നും ജനങ്ങൾക്ക് സുരക്ഷിതമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിൽ പാർട്ടികൾ സഹകരിക്കണമെന്നും സി.ഐ ആവശ്യപ്പെട്ടു.
യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സ്റ്റേഷൻ പരിധിയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.











