വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയിച്ചു. ഇതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി 34-കാരനായ മംദാനി. ന്യൂയോര്‍ക്കിന്റെ ആദ്യത്തെ മുസ്ലിം, ദക്ഷിണേഷ്യന്‍ മേയര്‍ എന്ന പദവിയും ഇനി മംദാനിക്ക് സ്വന്തം.ട്രംപിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രൂ ക്വോമോ മംദാനിയെക്കാള്‍ ഏറെ പിന്നിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി കര്‍ട്ടിസ് സ്ലീവ മത്സരിക്കുമ്പോഴാണ് ബലാത്സംഗക്കേസിലുള്‍പ്പെട്ട ക്വോമോയെ ട്രംപ് ഔദ്യോഗികമായി പിന്തുണച്ചത്. അഭിപ്രായ സര്‍വേകളിലും മംദാനിയായിരുന്നു മുന്നില്‍.ഇന്ത്യന്‍-അമേരിക്കന്‍ ചലച്ചിത്രസംവിധായിക മീരാ നായരുടെയും കൊളംബിയ സര്‍വകലാശാലാ അധ്യാപകനും ഇന്ത്യന്‍ വംശജനുമായ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലായിരുന്നു സൊഹ്‌റാന്‍ മംദാനിയുടെ ജനനം.











