റായ്‌പൂർ: ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ ഗുഡ്സ് ട്രെയിനും പാസഞ്ചർ ട്രെയിനും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ മരണം 11 ആയി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയായിയെന്നാണ് വിവരം. കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തിയെന്ന് റെയിൽവേ അറിയിച്ചു.ബിലാസ്പൂർ- കാട്നി സെക്ഷനിൽ ജയ്റാം നഗർ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം നടന്നത്. ഒരേ ട്രാക്കിൽ മുന്നിൽ പോയ ഗുഡ്സ് ട്രെയിനിലേക്ക് കോർബ മെമു ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ മുന്നിലെ കോച്ചുകൾ പൂർണമായും തകർന്നിരുന്നു. റെയിൽവേ രക്ഷാ സംഘങ്ങൾ, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ, ആർ.പി.എഫ് ഉദ്യോഗസ്ഥർ, ലോക്കൽ പൊലീസ് എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.ചില കോച്ചുകൾ ഗുഡ്സ് ട്രെയിനിനുമുകളിലേക്ക് കയറി. മറ്റ് ചിലത് പാളം തെറ്റുകയു ചെയ്തു. പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതടക്കമുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് റെയിൽവേ അറിയിച്ചു. സിഗ്നൽ തകരാറോ മാനുഷിക പിഴവോ ആകാം അപകടകാരണമെന്നും അന്വേഷണം ആരംഭിച്ചെന്നും അധികൃതർ അറിയിച്ചു.സംഭവത്തിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്‌ണുദേവ് സായി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയും ഗുരുതര പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചു. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.











