പൊന്നാനി: പൊന്നാനി നഗരസഭ കൗൺസിൽ ഹാളിൽ അവാർഡിനെച്ചൊല്ലിയുള്ള വാക്കുതർക്കം ബഹളമയമായി. ഭരണ സമിതിക്കെതിരെ പ്രതിഷേധ അവാർഡ് നൽകി പ്രതിപക്ഷാംഗങ്ങൾ.പ്രതീകാത്മക ട്രോഫി വലിച്ചെറിഞ്ഞ് ഭരണപക്ഷം.ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് നാടകീയ രംഗങ്ങൾക്ക് വേദിയായത്.പൊന്നാനിയെ പറഞ്ഞ് പറ്റിച്ചതിനുള്ള പ്രത്യേക പുരസ്കാരം എന്ന് രേഖപ്പെടുത്തിയ അവാർഡാണ് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യത്തിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷാംഗങ്ങൾ ചെയർമാൻ്റെ ഡയസിൽ വെച്ചത്.കൗൺസിൽ യോഗം ആരംഭിക്കുന്നതിന് മുമ്പ് നഗരസഭക്ക് ലഭിച്ച ശുചിത്വ ,കായകൽപ്പ് അവാർഡ് എന്നിവയുടെ വിതരണം നടന്നിരുന്നു.ഇതേ സമയം നഗരസഭയുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള പ്ലക്കാർഡുകൾ ഏന്തി പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നു.കൂടാതെ മുൻ വർഷങ്ങളിലെ ബജറ്റ് പുസ്തകം ഉയർത്തി പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ രംഗത്ത് എത്തുകയും ചെയ്തു.അവാർഡ് വിതരണം കഴിഞ്ഞ് കൗൺസിൽ ആരംഭിച്ചപ്പോഴാണ് പ്രതിപക്ഷത്തിൻ്റെ വക നഗരസഭയുടെ ഭരണ വീഴ്ചയിൽ പ്രതിഷേധിച്ച് പുരസ്ക്കാരം നൽകിയത്. ഇത് കൗൺസിൽ യോഗത്തിൽ ബഹളത്തിനിടയാക്കി.കൗൺസിൽ യോഗം ബഹളം തുടർന്നതോടെ പിരിച്ചു വിടുകയായിരുന്നു.പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം കൗൺസിലർമാരായ മിനി ജയപ്രകാശ്,ആയിഷ അബ്‌ദു,ശ്രീകല ചന്ദ്രൻ,അബ്‌ദുൾ റാഷിദ് നാലകത്ത്,ഷബ്‌ന ആസ്മി,കെ എം ഇസ്മായീൽ എന്നിവർ നേതൃത്വം നൽകി.







