പഠനകാലത്ത് കലാമത്സരങ്ങളിൽ പങ്കെടുത്തതിന്റെ അനുഭവസമ്പത്ത് പിന്നീട് പാട്ടെഴുത്തിലേക്കും പാട്ടിലേക്കും വഴിമാറി. അതു കൊണ്ടെത്തിച്ചത് സിനിമയുടെ മായാലോകത്തേക്ക്. അഭിനയിച്ച രണ്ടാമത്തെ സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം. അതും പ്രതിഭാശാലികളായ താരങ്ങളോടൊപ്പം മത്സരിച്ചു നേടിയതിന്റെ സന്തോഷത്തിലും അമ്പരപ്പിലുമാണ് ഫെമിനിച്ചി ഫാത്തിയിലെ നായിക ഷംല ഹംസ.മേലാറ്റൂർ ഉച്ചാരക്കടവ് ശാന്തിനഗറിലെ ചക്കുപുരയ്ക്കൽ മുഹമ്മദ് സ്വാലിഹിന്റെ ഭാര്യയാണ് തൃത്താല സ്വദേശിനിയായ ഷംല. പിതാവ് ഹംസ തൃത്താല കലാലയകല എന്ന ട്രൂപ്പിലൂടെ നാടകത്തിലും മറ്റും സജീവമായിരുന്ന കാലത്തായിരുന്നു ഷംലയുടെ സ്‌കൂൾ വിദ്യാഭ്യാസം. തൃത്താല ഗവ. ഹൈസ്കൂളിലെ പഠനകാലത്ത് ഒപ്പനയിലും പാട്ടിലുമെല്ലാം സജീവമായിരുന്നു ഷംല. വട്ടമ്പലം ഐഎച്ച്ആർഡിയിലെ ഹയർസെക്കൻഡറി പഠനത്തിനുശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിടെക്ക് പാസായി. മൂന്നു വർഷംമുൻപ് വിവാഹത്തോടെയാണ് മേലാറ്റൂരിലെത്തിയത്.ദുബായിൽ ഐടി മേഖലയിൽ ജോലിചെയ്യുന്ന ഭർത്താവിനൊടൊപ്പം താമസിക്കുകയായിരുന്ന ഷംല. അവിടെ മാതൃഭൂമി ക്ലബ് എഫ്എമ്മിൽ ജോലിചെയ്തിരുന്നു. അതിനിടെയാണ് 1001 നുണകൾ എന്ന സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കുന്നതും സിനിമയിലെ നാലു കഥാപാത്രങ്ങളിൽ ഒരു കഥാപാത്രമായി തിരഞ്ഞെടുക്കപ്പെടുന്നതും. ആ അനുഭവസമ്പത്തും തുടർന്നുണ്ടായ സൗഹൃദങ്ങളുമാണ് ഷംലയെ ഫെമിനിച്ചി ഫാത്തിമയിൽ എത്തിച്ചത്. പൊന്നാനിയിൽ 27 ദിവസം നീണ്ടുനിന്ന ഷൂട്ടിങ്ങിൽ ഉമ്മ ഫാത്തിമക്കുട്ടി പൂർണ പിന്തുണയേകി ഷംലക്കൊപ്പമുണ്ടായിരുന്നു.അവാർഡിനുള്ള സാധ്യതാപട്ടികയിൽ ഇടംപിടിച്ചിരുന്ന വിവരം അറിഞ്ഞപ്പോഴും മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിക്കുമെന്നൊന്നും തെല്ലും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവാർഡ് നേട്ടത്തിന്റെ അമ്പരപ്പിലാണിപ്പോഴും ഷംല. ഭർത്താവ് സ്വാലിഹ് വിദേശത്തായതിനാൽ അവാർഡ് സന്തോഷം നേരിട്ട് പങ്കുവെക്കാൻ കഴിയാത്തതിന്റെ വിഷമമുണ്ട്. ഭർത്താവിന്റെ ഉപ്പയും ഉമ്മയും സഹോദരങ്ങളും മകൾ ലസിൻ സോയിയും കൂടെയുണ്ടെന്നത് സന്തോഷത്തിന് ഇരട്ടിമധുരം നൽകുന്നുണ്ടെന്ന് ഷംല പറയുന്നു. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കൊപ്പം അവാർഡ് നേടാൻ കഴിഞ്ഞതിന്റെ വലിയൊരു സന്തോഷവും ഷംല പങ്കുവെച്ചു. ചെറിയൊരവധിയിലാണ് ദുബായിൽനിന്ന് ഷംല നാട്ടിലെത്തിയത്. ഉടൻ തിരിച്ചുപോകും. പുതിയ സിനിമകളുമായി സഹകരിച്ച് മേഖലയിൽ സജീവമാകാൻതന്നെയാണ് തീരുമാനമെന്ന് ഷംല പറഞ്ഞു.











