ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം. സ്വര്‍ണം പൂശിയതിന്റെ രേഖകളാണ് ദേവസ്വം ആസ്ഥാനത്തുനിന്ന് പിടിച്ചെടുത്തിരിക്കുന്നത്. ശബരിമലയില്‍ ഏതളവില്‍ എന്തിലൊക്കെ സ്വര്‍ണം പൊതിഞ്ഞെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പ്രത്യേക അന്വേഷണസംഘം ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ തിരച്ചിലില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. രേഖകള്‍ കണ്ടെത്താന്‍ ദേവസ്വം ബോര്‍ഡ് തന്നെ ദേവസ്വം കമ്മീഷണറേയും സ്‌പെഷ്യല്‍ ഓഫിസറേയും ചുമതലപ്പെടുത്തിയെന്ന് ദേവസ്വം എസ്‌ഐടിക്ക് മറുപടിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെ എസ്‌ഐടി ദേവസ്വം ആസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ കണ്ടെത്തിയിരിക്കുന്നത്. ശബരിമലയില്‍ വിജയ് മല്യ ഏതളവിലാണ് സ്വര്‍ണം പൊതിഞ്ഞത് എന്നതിന്റെ നിര്‍ണായക വിവരങ്ങള്‍ ഇപ്പോള്‍ അന്വേഷണസംഘത്തിന് ലഭിച്ചെന്നാണ് സൂചന. ദേവസ്വം ആസ്ഥാനത്ത് ഇപ്പോഴും പരിശോധനകള്‍ തുടരുകയാണ്.എത്ര അളവിലാണ് സ്വര്‍ണം പൊതിഞ്ഞതെന്ന് കൃത്യമായ വിവരമില്ലെന്നത് അന്വേഷണസംഘത്തിന് മുന്നില്‍ ഇതുവരെ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സ്വര്‍ണം പൂശിയതിന്റെ കൃത്യമായ രേഖകള്‍ കണ്ടെടുത്തതോടെ അന്വേഷണം കൂടുതല്‍ വേഗം കൈവരിക്കും. 30.8 കിലോയോളം സ്വര്‍ണം പൊതിഞ്ഞു എന്നതായിരുന്നു വിജയ് മല്യയുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ അവകാശവാദം. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാനും നഷ്ടപ്പെട്ടത് എത്രമാത്രം സ്വര്‍ണമെന്ന് കൃത്യമായി കണ്ടെത്താനും പുതിയ രേഖകളുടെ വെളിച്ചത്തില്‍ അന്വേഷണസംഘത്തിന് സാധിക്കും.
 
			 
			







