ചെന്നൈ: ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം ദിവസങ്ങൾക്ക് മുമ്പാണ് പുറത്തുവന്നത്. നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്രറെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനാണ് രാജീവ് ചന്ദ്രശേഖറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കഴിഞ്ഞ വർഷം തിരക്ക് പരിഗണിച്ച് എറണാകുളം-ബംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിച്ചിരുന്നു. എന്നാൽ സർവീസ് സ്ഥിരമാക്കാതെ പിൻവലിക്കുകയായിരുന്നു.ഇപ്പോഴിതാ കേരളത്തിലേക്കുള്ള പുതിയ വന്ദേഭാരതിനെക്കുറിച്ച് പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. ഉടൻ തന്നെ എറണാകുളം- ബംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സ്വന്തം സംസ്ഥാനമായ തമിഴ്നാട്ടിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിനെത്തിയ രാധാകൃഷ്ണൻ, കോയമ്പത്തൂർ സിറ്റിസൺ ഫോറം സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പുതിയ സർവീസ് ഉടൻ പുനരാരംഭിക്കുമെന്ന് അറിയിച്ചത്. ഡെക്കാൻ ഹെറാൾഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ റെയിൽവെയുടെ ഭാഗത്ത് നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.’എന്റെ രണ്ട് അഭ്യർത്ഥനകൾ റെയിൽവേ സമ്മതിച്ചു. വ്യവസായത്തിന്റെ നന്മയ്ക്കായി എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരതിന് കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നീ നാല് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കും. കോയമ്പത്തൂരിലെയും തിരുപ്പൂരിലെയും ടെക്സ്റ്റൈൽ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാ സൗകര്യത്തിനായി റാഞ്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് ഒരു പ്രതിദിന ട്രെയിൻ റെയിൽവേ സർവീസ് നടത്തും’- ഉപരാഷ്ട്രപതി പറഞ്ഞു.പകൽ സമയത്ത് ഈ രണ്ട് നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യുന്നവർക്ക് പുതിയ വന്ദേഭാരത് ഏറെ ഉപകാരമാണ്. കൂടാതെ ബംഗളൂരുവിനും തമിഴ്നാട്ടിലെ നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യുന്നവർക്കും ഇത് ഗുണം ചെയ്യും. പുതിയ ട്രെയിനിന് ആറ് സ്റ്റോപ്പുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കേരളത്തിൽ തൃശൂർ, പാലക്കാട്, ബാക്കി നാല് സ്റ്റോപ്പുകൾ തമിഴ്നാട്ടിൽ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിങ്ങനെയായിരിക്കും.
 
			 
			







