അടൂർ:ആൺസുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ മർദിച്ച കേസിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഭർത്താവായ അടൂർ സ്വദേശിയെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ സമയത്താണ് ഭർത്താവ് യുവതിയെ മർദിച്ചത്.
പ്രണയിച്ചു വിവാഹം കഴിച്ചവരാണ് യുവതിയും ഭർത്താവും. ഇതിനു സഹായിച്ച യുവാവിനൊപ്പമാണ് 5 വർഷത്തിനുശേഷം യുവതി വ്യാഴാഴ്ച ഒളിച്ചോടിയത്. യുവതിയെ കാണാതായെന്ന് ഭർത്താവിന്റെ അമ്മ അടൂർ പൊലീസിൽ പരാതി നൽകിയിരുന്നു. വിവരമറിഞ്ഞ് വിദേശത്തായിരുന്ന ഭർത്താവും നാട്ടിലെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെയും ആൺ സുഹൃത്തിനെയും കണ്ടെത്തുകയും ചെയ്തു.
ഇന്നലെ ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന സമയത്താണ് ഭർത്താവ് യുവതിയെ മർദിച്ചത്. ഇതിനിടയിൽ താഴെവീണ യുവതിയുടെ തലയ്ക്കു പരുക്കേറ്റു. അപ്പോൾ തന്നെ പൊലീസ് ഭർത്താവിനെ പിടികൂടുകയും ചെയ്തു.







