കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞുവച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കുവാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ തീരുമാനമാണ് പിഎം ശ്രീയിൽ ഒപ്പിട്ട നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ഒരു നീക്കവും സർക്കാർ അനുവദിക്കില്ല. അതുപോലെ, കുട്ടികൾക്ക് അർഹമായ ഒരു രൂപ പോലും നഷ്ടപ്പെടുത്താൻ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു
പിഎം ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാർ കേരളത്തിന് അർഹമായ സമഗ്രശിക്ഷ ഫണ്ട് തടഞ്ഞുവച്ചിരിക്കുകയായിരുന്നു. 2023–24 വർഷം 188.88 കോടി രൂപയാണ്. 2024–25 വർഷത്തെ കുടിശിക 513.84 കോടി രൂപയാണ്. 2025–26ൽ ലഭിക്കേണ്ടിയിരുന്ന 456.01 കോടി രൂപയും തടഞ്ഞുവച്ചു. ആകെ 1158.13 കോടി രൂപയാണ് ഇതുവഴി നമുക്ക് നഷ്ടമായത്. പിഎം ശ്രീ പദ്ധതി 2027 മാർച്ചിൽ അവസാനിക്കും. ഇപ്പോൾ ഒപ്പിടുന്നതിലൂടെ സമഗ്രശിക്ഷ കുടിശ്ശികയും രണ്ടുവർഷത്തെ പിഎം ശ്രീ ഫണ്ടും ഉൾപ്പെടെ 1476.13 കോടി രൂപയാണ് സംസ്ഥാനത്തിനു ലഭ്യമാകാൻ പോകുന്നത്. കേന്ദ്രം സമഗ്രശിക്ഷ പദ്ധതിക്കു നൽകാമെന്ന് ഇന്നലെ ധാരണയായത് 971 കോടി രൂപയാണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
പിഎം ശ്രീയിൽ ഒപ്പിട്ടതോടെ കേരളം ദേശീയ വിദ്യാഭ്യാസ നയത്തെ പൂർണമായും അംഗീകരിക്കുകയാണെന്ന ചില വാദഗതികൾ സാങ്കേതികം മാത്രമാണ്. 2023 വരെ സമഗ്ര ശിക്ഷ പദ്ധതിയുടെ ഫണ്ട് വാങ്ങുമ്പോഴും സംസ്ഥാന താൽപര്യങ്ങൾക്കും വിദ്യാഭ്യാസ മൂല്യങ്ങൾക്കും അനുസരിച്ചാണ് പദ്ധതികൾ തയാറാക്കിയത്. അതേ നയം മാത്രമേ തുടരൂ. ഉന്നത വിദ്യാഭ്യാസ വകുപ്പ് പിഎം ഉഷ പദ്ധതി നടപ്പാക്കിയും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാമെന്ന വ്യവസ്ഥയോടെയാണ്. എന്നിട്ടും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നയം മാത്രമാണ് ഇവിടെ നടപ്പാക്കുന്നത്. പല കാര്യങ്ങളിലും നാം ദേശീയ വിദ്യാഭ്യാസ നയത്തെക്കാൾ ബഹുദൂരം മുന്നിലാണ്. പാഠ്യപദ്ധതിയുടെ വർഗീയവത്കരണത്തിന് കേരളം നിന്നുകൊടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങിയോ എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് അങ്ങനെ വേണമെങ്കില്‍ ചിന്തിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. പദ്ധതിയില്‍ ഒപ്പിട്ടില്ലെങ്കില്‍ പണം പാഴായിപ്പോകുന്നതുള്‍പ്പെടെയുള്ള കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. പണം നഷ്ടപ്പെടാതിരിക്കാനാണ് കരാറില്‍ ഒപ്പിട്ടത്. സിപിഐയെ കാര്യം ബോധ്യപ്പെടുത്തുമെന്നും അതില്‍ ആരും വിഷമിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും പിഎം ശ്രീ ഒപ്പിട്ടിട്ടുണ്ട്. അവര്‍ക്കെതിരെയാണ് കോണ്‍ഗ്രസ് ആദ്യം പ്രതികരിക്കേണ്ടത്. എല്‍ഡിഎഫില്‍ കാര്യങ്ങള്‍ ചെയ്യേണ്ടത് സംബന്ധിച്ച് ആരുടെയും ഉപദേശം ആവശ്യമില്ല. കേരളത്തിനു കിട്ടാനുള്ള പണം കിട്ടണമെന്ന് ആവശ്യപ്പെട്ട് കേസ് സുപ്രീം കോടതിയിലുണ്ട്. പിഎം ശ്രീ പദ്ധതിയില്‍ തമിഴ്‌നാട് കോടതിയില്‍ പോയിട്ടില്ല. എന്‍ഇപിയില്‍ പറയുന്നതില്‍ നമുക്കു നടപ്പാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ നടപ്പാക്കൂ –മന്ത്രി വ്യക്തമാക്കി







