പിഎം ശ്രീ പദ്ധതിയോടു തനിക്കുള്‍പ്പെടെ കടുത്ത എതിര്‍പ്പുണ്ടെന്നും എന്നാല്‍ കേന്ദ്ര ഫണ്ട് കിട്ടുന്നത് ഒഴിവാക്കാന്‍ കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.പണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്ന നിബന്ധനകളെ സിപിഎം എക്കാലത്തും ശക്തമായി എതിര്‍ക്കുകയാണെന്നും സിപിഐ വിമര്‍ശനം മുഖവിലയ്ക്ക് എടുത്തു ചര്‍ച്ച ചെയ്യുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചത് ഭരണപരമായ കാര്യമാണ്.അതേക്കുറിച്ചു കൂടുതല്‍ മന്ത്രിയോടു ചോദിക്കണം. ഇടതു മുന്നണിയുടെ നയം നടപ്പാക്കുന്ന സര്‍ക്കാരാണിതെന്ന് തെറ്റിദ്ധരിക്കരുത്. സിപിഎം ഉയര്‍ത്തുന്ന പല മുദ്രാവാക്യങ്ങളും നടപ്പാക്കുമ്പോള്‍ ഭരണപരമായി വലിയ പരിമിതികളുണ്ട്. ഈ അന്തരാളഘട്ടത്തെ ഏതു തരത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്നു നോക്കും.മുഖ്യമന്ത്രി വന്നതിനു ശേഷം ചര്‍ച്ചകള്‍ നടത്തും. നിബന്ധനകള്‍ വയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിനെ എതിര്‍ക്കുന്ന നിലപാടില്‍ മാറ്റമില്ല. എന്നാല്‍ പിഎം ശ്രീ ഉള്‍പ്പെടെ കേന്ദ്രം കേരളത്തിനു നല്‍കേണ്ട പദ്ധതികളുടെ പണം ലഭിക്കണമെന്ന കാര്യത്തില്‍ സിപിഎമ്മിനു തര്‍ക്കമില്ല. എന്നാല്‍ അതിനു വലിയ നിബന്ധനകള്‍ വച്ച് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു തരാതിരിക്കുകയാണ്. 8000 കോടി രൂപയാണ് ഇത്തരത്തില്‍ തരാതിരിക്കുന്നത്. പിഎം ശ്രീ ഉള്‍പ്പെടെ ഓരോ മേഖലയിലും ഇത്തരത്തില്‍ നിബന്ധനകള്‍ വയ്ക്കുകയാണ്.അതിനെയാണ് സിപിഎം എതിര്‍ക്കുന്നത്
ആര്‍എസ്എസ് അജന്‍ഡ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.സിപിഐ ഉള്‍പ്പെടെയുള്ള ഇടതു മുന്നണി ഇക്കാര്യം ചര്‍ച്ച ചെയ്ത് ശരിയായ നിലയില്‍ തീരുമാനമെടുക്കും. വിവിധ മേഖലകള്‍ കേന്ദ്ര ഫണ്ട് വാങ്ങിയപ്പോഴും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പിഎം ശ്രീയിലും സമാനമായ പരിഹാരം ഉണ്ടാകും. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും കര്‍ണാടകയിലും പിഎം ശ്രീയില്‍ ഒപ്പിട്ടിട്ടുണ്ട്. അവര്‍ക്ക് ഇതേക്കുറിച്ചു പറയാന്‍ അവകാശമില്ലെന്നുംഗോവിന്ദൻ പറഞ്ഞു.
കേന്ദ്രം നല്‍കുന്നത് നമ്മുടെ കൂടെ പണമാണ്. അതു കിട്ടുക തന്നെ വേണം. നിബന്ധനകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. 1000 കോടിയിലേറെ രൂപ ഇപ്പോഴും കിട്ടാനുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഐയെ യുഡിഎഫ് ക്ഷണിച്ചതിനെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല.എല്‍ഡിഎഫിനെ ശക്തമായ പാര്‍ട്ടിയാണ് സിപിഐ. അവരെ മുഖവിലയ്ക്ക് എടുത്തു തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്ത് സിപിഐ എന്ന് സ്വാഭാവികമായി ചോദിച്ചത് പ്രശ്‌നമാക്കിയത് മാധ്യമങ്ങളാണെന്നും ഗോവിന്ദന്‍ പറഞ്ഞു.പ്രതികരിക്കാതെ മുന്നോട്ടുനീങ്ങുന്നതിനിടെ വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ അങ്ങനെ പറഞ്ഞു മുന്നോട്ടുപോകുക മാത്രമാണ് ചെയ്തതെന്നും ഗോവിന്ദന്‍ പറഞ്ഞു.







