പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീ പദ്ധതിയുടെ ധാരണ പത്രത്തില്‍ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഐ. സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ വിയോജിപ്പ് സിപിഐഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇടത് നയത്തില്‍ നിന്ന് സിപിഐഎം വ്യതിചലിച്ചെന്നാണ് നേതാക്കള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. അനന്തര നടപടികള്‍ ആലോചിക്കാന്‍ സിപിഐ ദേശീയ-സംസ്ഥാന സെക്രട്ടേറിയേറ്റുകള്‍ ഇന്ന് അടിയന്തരയോഗം വിളിച്ചു.സിപിഐഎം കേന്ദ്രനേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ. ഇടത് നയത്തില്‍ നിന്നും സിപിഐഎം വ്യതിചലിച്ചുവെന്നാണ് സിപിഐ നേതാക്കളുടെ അഭിപ്രായം. ഇടത് നയം ഉയര്‍ത്തിപിടിക്കേണ്ടത് സിപിഐയുടെ മാത്രം ബാധ്യതയല്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യും. കടുത്ത തീരുമാനത്തിന് സാധ്യത.ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ നിലപാട് തീരുമാനിക്കും. മന്ത്രിമാര്‍ ക്യാബിനറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേയ്ക്ക് നീങ്ങണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. തോമസ് ചാണ്ടിയുടെ കായല്‍ നികത്ത് വിഷയത്തില്‍ കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാട് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. സെക്രട്ടറിയേറ്റിന് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളെ കാണും. സിപിഐയുടെ വിദ്യാര്‍ത്ഥി യുവജന സംഘടനകളും ഇന്ന് പ്രതിഷേധത്തിലേക്ക് കടക്കും.ഇന്നലെയാണ് പിഎം ശ്രീയില്‍ ചേരാനുള്ള ധാരണപത്രത്തില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത്. വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിനായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്. തടഞ്ഞു വച്ച ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി കേരളം മാറിയതോടെ 1500 കോടി രൂപ ഉടന്‍ സംസ്ഥാനത്തിന് ലഭിക്കും. കേരളം പദ്ധതിയുടെ ഭാഗമാകുന്നതോടെ ദേശീയ വിദ്യാഭ്യാസ നയം പിന്തുടരേണ്ടി വരും.കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് വെറുതെ പാഴാക്കി കളയണോ എന്ന നിലപാടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടേത്. പദ്ധതി നടപ്പാക്കാതെ കേരളത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും നിയമപരമായി തടസങ്ങള്‍ ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നത്. പിഎം ശ്രീ പദ്ധതിയിലെ വിയോജിപ്പ് തുടരുമെന്ന സിപിഐയുടെ നിലപാട് തള്ളിയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായത്.










