തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ 67-ാമത് സ്‌കൂള്‍ ഒളിംപിക്‌സിന് തുടക്കം കുറിച്ചു. കേരളത്തിന്റെ ഫുഡ്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍ ദീപശിഖയ്ക്ക് തിരി കൊളുത്തിയതോടെ തലസ്ഥാനം സ്‌കൂള്‍ ഒളിംപിക്‌സിന്റെ ആവേശത്തിലേക്ക് കാലെടുത്ത് വച്ചു. മുഖ്യമന്ത്രിക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് സ്‌കൂള്‍ കായിക മേള ഉദ്ഘാടനം ചെയ്തത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്എന്‍കെ ഉമേഷ് പതാക ഉയര്‍ത്തി. മേളയുടെ അംബാസിഡര്‍മാരായ കീര്‍ത്തി സുരേഷ്, സഞ്ജു സാംസണും ആശംസകള്‍ അറിയിച്ചു. നാളെ മുതല്‍ 12 മൈതാനങ്ങളിലായി നടക്കുന്ന 40 ഇനങ്ങളിലായി 18431 താരങ്ങളാണ് പങ്കെടുക്കുക.
കേരളത്തിലെ സ്‌കൂള്‍ കായികമേള ഒളിംപിക്‌സ് മാതൃകയില്‍ നടക്കുന്നത് രണ്ടാം തവണയാണ്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഒളിംപിക്‌സ് മാതൃകയില്‍ കായിക മേള നടത്തുന്നത്. 20,000ത്തോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികളും 2,000 ഭിന്നശേഷി വിദ്യാര്‍ത്ഥികളും മേളയുടെ ഭാഗമാകും. ഇതോടൊപ്പം 35 കുട്ടികളും മേളയില്‍ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. 20,000ത്തോളം കായിക താരങ്ങളും അധ്യാപകരും പരിശീലകരും പങ്കെടുക്കുന്ന പരിപാടി കായിക കേരളത്തിന്റെ സംസ്‌കാരം വിളിച്ചോതുന്നതാണെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കും അവരുടെ കഴിവുകള്‍ തെളിയിക്കാന്‍ അവസരമൊരുക്കുന്നതിലൂടെ അനുകരണീയമായ മാതൃകയാണ് സംസ്ഥാനം സൃഷ്ടിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് എത്തുന്ന ജില്ലയ്ക്ക് 117.5 പവന്റെ സ്വര്‍ണക്കപ്പ് മുഖ്യമന്ത്രി സമ്മാനിക്കും. പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് സ്റ്റേഡിയത്തില്‍ വിവിധ ജില്ലകളുടെ മാര്‍ച്ച് ഫാസ്റ്റ് നടന്നതോടെ കായിക മേളയ്ക്ക് തുടക്കമായി.








