പ്രായമായ ഉപഭോക്താക്കളെ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ആന്റി സ്‌കാം ഫീച്ചറുകളും ബോധവത്കരണ പരിപാടികളും പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയാ ഭീമനായ മെറ്റ. മുതിര്‍ന്ന ഉപയോക്താക്കള്‍ക്കിടയില്‍ ഡിജിറ്റല്‍ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും ഉപയോക്തൃ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് , മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയിലുടനീളം കമ്പനി നടത്തുന്ന ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ നീക്കം അപരിചിതമായ കോണ്‍ടാക്ടുമായുള്ള വീഡിയോ കോളിനിടെ സ്‌ക്രീന്‍ പങ്കുവെക്കാന്‍ ഉപഭോക്താക്കള്‍ ശ്രമിക്കുമ്പോള്‍ വാട്‌സാപ്പ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കും. ബാങ്ക് വിവരങ്ങളോ സ്ഥിരീകരണ കോഡുകളോ പോലുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ തട്ടിയെടുക്കാന്‍ തട്ടിപ്പുകാര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ചാറ്റ് സംഭാഷണങ്ങള്‍ക്ക് വേണ്ടി എഐ അധിഷ്ഠിത സ്‌കാം ഡിറ്റക്ഷന്‍ സംവിധാനം മെറ്റ അവതരിപ്പിച്ചു. സംശയാസ്പദമായ സന്ദേശങ്ങള്‍ വന്നാല്‍ ഈ സംവിധാനം ഉപഭോക്താവിന് മുന്നറിയിപ്പ് നല്‍കും. ഈ സന്ദേശം എഐ റിവ്യൂവിന് വേണ്ടി അയക്കാനും സാധിക്കും. തട്ടിപ്പിനുള്ള സാധ്യത കണ്ടെത്തിയാല്‍ പൊതുവായ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കൊപ്പം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനുമുള്ള ഓപ്ഷനുകളും നല്‍കും.ഇതോടൊപ്പം ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ഉടനീളം പാസ് കീ ലോഗിന്‍ പിന്തുണയും വാട്‌സാപ്പ് അവതരിപ്പിച്ചു. ഇതുവഴി ഫിംഗര്‍പ്രിന്റ്, ഫെയ്‌സ്, പിന്‍ എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി സൈന്‍ ഇന്‍ ചെയ്യാം. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും സുരക്ഷാ പരിശോധന നടത്താനും വാട്‌സാപ്പില്‍ പ്രൈവസി ചെക്കപ്പ് നടത്താനും സാധിക്കും. ടെലികോം വകുപ്പിന്റെ ‘സ്‌കാം സേ ബച്ചോ’ ദൗത്യവുമായും മെറ്റ സഹകരിച്ചുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് മുതിര്‍ന്നവരെ ബോധവത്കരിക്കുന്നതിനുള്ള വിവിധ ഭാഷകളിലുള്ള വീഡിയോകള്‍ കമ്പനി നിര്‍മിക്കുന്നുണ്ട്. ഇന്ത്യന്‍ നഗരങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കിടയില്‍ ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുന്നതിനുള്ള സക്ഷം സീനിയര്‍ സംരംഭത്തിനും മെറ്റ പിന്തുണ നല്‍കിവരുന്നുണ്ട്.








