കടവല്ലൂര്‍:അപടകങ്ങൾ പതിവായ കല്ലുംപുറം സെന്ററില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് നാട്ടുകാര്‍.അപകടം പതിയിരിക്കുന്ന ജംഗ്ഷനില്‍ അപടകങ്ങൾ കുറയ്ക്കാൻ സ്ഥിരം സംവിധാനം വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.തിരക്കേറിയ പെരുമ്പിലാവ് – കുറ്റിപ്പുറം സംസ്ഥാന പാതയിലെ പ്രധാന ജങ്ഷനായ കല്ലുപുറത്തെ സുരക്ഷാ സംവിധാനങ്ങൾ പൂർണമായും നിശ്ചലമായ നിലയിലാണ്.
ശനിയാഴ്ച രാവിലെ സ്കൂട്ടറും കാറും തമ്മിൽ ഉണ്ടായ അപകടത്തിൽ ചാലിശ്ശേരി സ്വദേശി 58 വയസ്സുള്ള ചീരൻവീട്ടിൽ ബാബു മരിച്ചിരുന്നു.മുൻകാലങ്ങളിൽ നിരവധി അപകടങ്ങൾക്ക് ജങ്ഷൻ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
പഴഞ്ഞി, ചാലിശ്ശേരി, തൃശൂർ, കുറ്റിപ്പുറം — നാല് ഭാഗങ്ങളിലേക്കും പോകുന്ന പ്രധാന ജങ്ഷനായതിനാൽ ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇത് വഴി പോകുന്നത്.എന്നാൽ റോഡിൽ മുന്നറിയിപ്പ് ബോർഡുകളോ സ്പീഡ് ബ്രേക്കറുകളോ സിഗ്നൽ സംവിധാനങ്ങളോ ഒന്നുമില്ല.റോഡിലെ അപകട ഭീഷണി കുറയ്ക്കാൻ യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.കുന്നുകുളത്ത് നിന്ന് ചാലിശ്ശേരി ഭാഗത്തേക്ക് തിരിയുന്ന വാഹനങ്ങൾക്കാണ് അപകടഭീഷണി കൂടുതലെന്ന് നാട്ടുകാർ പറയുന്നു.
കുറ്റിപ്പുറം ഭാഗത്ത് നിന്ന് അതിവേഗത്തിൽ വരുന്ന വാഹനങ്ങൾക്കു ജങ്ഷനിലെ അടുത്ത് എത്തിയ ശേഷമേ രണ്ട് ഭാഗങ്ങളിലേക്ക് റോഡ് ഉള്ളത് കാണാനാകൂ എന്നതാണ് പ്രധാന അപകടകാരണം.ഒരുപാട് അപകടങ്ങൾ ഇവിടെ നടന്നിട്ടും അധികൃതർ നടപടികൾ ഊർജിതമാകിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി
ഇവിടെ കുറച്ച് കാലം പോലീസ് സ്വകാര്യ പങ്കാളിത്തത്തോടെ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചെങ്കിലും പിന്നീട് ഒഴിവാക്കി.നിലവിൽ സീബ്ര ലൈനുകളോ ,അപകട സാധ്യത കൂടിയ മേഖല തുടങ്ങിയ മുന്നറിയിപ്പ് ബോർഡുകളോ ഒന്നുമില്ല .കുന്നംകുളം , കുറ്റിപ്പുറം രണ്ട് ബസ്സ്റ്റോപ്പുകളിലേക്ക് എത്തുന്ന കാൽനടയാത്രക്കാർക്ക് പോകുവാനുള്ള സ്രീബ്ര ലൈനും ഇവിടെ മാഞ്ഞു പോയ നിലയിലാണ്.നിലവിൽ തൃശൂർ – കടവല്ലൂർ റോഡ് നിർമ്മാണം നടക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി ജംങ്ഷൻ പുനർനിർമ്മിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം