കൂറ്റനാട്: ലോകവേദിയിൽ തിളങ്ങി കേരളത്തിൻ്റെ ‘സുസ്ഥിര തൃത്താല’ പദ്ധതി. ജനകീയ പങ്കാളിത്തത്തോടെ രാജ്യത്ത് നടപ്പാക്കുന്ന വികസനപദ്ധതികൾക്ക് ഏറ്റവും മികച്ച മാതൃകയെന്നാണ് ഇറ്റലിയിലെ റോമിൽ നടന്ന അന്തർദേശീയ സമ്മേളനത്തിൽ വിലയിരുത്തപ്പെട്ടത്. ഇൻ്റർനാഷണൽ കോൺഫറൻസ് ഓൺ സസ്റ്റെയ്‌നബിൾ ഡെവലപ്മെൻ്റ് മീറ്റിൽ രാജ്യത്ത് ജനകീയ പങ്കാളിത്തത്തോടെയുള്ള വികസനത്തിന് മികച്ച മാതൃകാ പദ്ധതിയായി അവതരിപ്പിക്കപ്പെട്ടത് ‘സുസ്ഥിര തൃത്താല’യുടെ നേട്ടങ്ങൾ ആയിരുന്നു. സന്നദ്ധസേവകരായ പൊതുജനങ്ങളും, സർക്കാരിൻ്റെ വിവിധ വകുപ്പുകളുമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. സംയോജിതവും പങ്കാളിത്ത സ്വഭാവമുള്ളതുമായ സുസ്ഥിര വികസന മാതൃക എന്ന പേരിലാണ് സമ്മേളനത്തിൽ പങ്കെടുക്കാൻ മന്ത്രി എം.ബി. രാജേഷിനും പദ്ധതിയുടെ ചുമതലയുള്ള എ. നിസാമുദീനും ക്ഷണം ലഭിച്ചത്. എന്നാൽ, കേരളത്തിൽ അർബൻ കോൺക്ലേവ് നടക്കുന്നതിനാൽ മന്ത്രി ഓൺലൈനായാണ് സെമിനാറിൽ പദ്ധതിയെപ്പറ്റി വിശദീകരിച്ചത്. പരിസ്ഥിതി സുസ്ഥിരത, സാമ്പത്തിക സുസ്ഥിരത, സാമൂഹിക – സാംസ്ക്‌കാരിക സുസ്ഥിരത എന്നീ മൂന്ന് വിഭാഗങ്ങളിലായി കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി, ഊർജ സുര ക്ഷ എന്നിങ്ങനെ വിവിധ വിഷയങ്ങളിലെ ആഗോള വിദഗ്ധരാണ് രാജ്യാന്തര സമ്മേളനത്തിൽ വിഷയം അവതരിപ്പിച്ചത്.ജനകീയപങ്കാളിത്തത്തോടെ 30 വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ നടപ്പാക്കിയ പദ്ധതിയാണ് ‘സുസ്ഥിര തൃത്താല’, ശുദ്ധജലം, കൃഷി, ഭൂഗർഭ ജലവിതാനം ഉയർത്തൽ. മണ്ണു സംരക്ഷണം, നീർത്തട സംരക്ഷണം, മാലിന്യനിർമാർജനം തുടങ്ങി സമഗ്രമേഖലകളും ഉൾക്കൊള്ളുന്ന പദ്ധതിയാണിത്. സർക്കാർ വകുപ്പുകളുടെ യും സംഘടനകളുടെയും കൂട്ടായ്മയ്ക്കൊപ്പം തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ ഫലപ്രദമായി ഉപയോഗിച്ചു. ഹരിതകേരളാ മിഷൻ കോഡിനേറ്റർ പി.സൈതലവിക്കായിരുന്നു പദ്ധതിയുടെ ഏകോപനച്ചുമതല.