ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള 30 അംഗ ഇന്ത്യൻ ടീമിൽ ഏഴു മലയാളികൾ. സുനിൽ ഛേത്രിയും ടീമിലിടം പിടിച്ചു. ഞായറാഴ്ചയാണ് പരിശീലകൻ ഖാലിദ് ജമീൽ സാധ്യത ലിസ്റ്റ് പുറത്തു വിട്ടത്. മുഹമ്മദ് ഉവൈസും ആഷിക് കുരുണിയനും ജിതിൻ എംഎസ്സും ടീമിലെ സ്ഥാനം നിലനിർത്തിയപ്പോൾ വിബിൻ മോഹനൻ, മുഹമ്മദ് സുഹൈൽ, മുഹമ്മദ് സനാൻ, മുഹമ്മദ് ഐമൻ എന്നിവർ ആദ്യമായും ലിസ്റ്റിൽ ഇടം പിടിച്ചു. അണ്ടർ 23 ടീമിനായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഇവരെ ടീമിലെത്തിച്ചത്. പരംവീർ, മകർട്ടൻ ലൂയിസ്, റിക്കി മീറ്റെയ് എന്നിവരും ആദ്യമായ് ടീമിലിടം പിടിച്ചു. അതെ സമയം സഹൽ അബ്ദുൽ സമദ് ടീമിലില്ല.ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്ന 23 അംഗ ടീമായിരിക്കും സെപ്റ്റംബർ 20 ന് തുടങ്ങുന്ന ക്യാമ്പിൽ എത്തിച്ചേരേണ്ടത്. ഒക്ടോബറിലെ ഇന്റർനാഷണൽ വിൻഡോയിൽ ഇന്ത്യ സിംഗപ്പൂരിനെ രണ്ട് വട്ടം നേരിടും. ആദ്യ മത്സരം ഒക്ടോബർ 9 ന് സിംഗപ്പൂരിൽ വെച്ചും പിന്നീട് ഒക്ടോബർ 14 ന് ഇന്ത്യയിൽ വെച്ചുമാണ് മത്സരങ്ങൾ നടക്കുക.