ഫിലാഡെല്‍ഫിയ: കരിയറിലെ 50-ാം ഫൈനല്‍ മത്സരത്തില്‍ വിജയിച്ചുകയറാമെന്ന ലയണല്‍ മെസ്സിയുടെ മോഹം സഫലമായില്ല. ലീഗ്‌സ് കപ്പ് ഫൈനലില്‍ ഇന്റര്‍ മയാമിയെ തകര്‍ത്തെറിഞ്ഞ് സിയാറ്റില്‍ സൗണ്ടേഴ്‌സ് കിരീടം ചൂടി. എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് സിയാറ്റിലിന്റെ ജയം.കിരീടം ലക്ഷ്യമിട്ട് ശക്തമായ സംഘത്തെയാണ് ഹാവിയര്‍ മഷറാനോ കളത്തിലിറക്കിയത്. മെസ്സിക്കൊപ്പം ലൂയിസ് സുവാരസും റോഡ്രിഗോ ഡിപോളും സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സുമെല്ലാം മൈതാനത്തിറങ്ങി. താരസമ്പന്നമെങ്കിലും സിയാറ്റിലിന് മുന്നില്‍ മെസ്സിപ്പട വിയര്‍ക്കുന്നതാണ് കണ്ടത്. മത്സരം ആരംഭിച്ച് 26-ാം മിനിറ്റില്‍ മയാമി ഞെട്ടി. ഒസാസെ ഡി റൊസാരിയോ സൗണ്ടേഴ്‌സിനായി ലക്ഷ്യം കണ്ടു. ആദ്യ പകുതി 1-0 ന് ടീം മുന്നിട്ടുനിന്നു.തിരിച്ചടി ലക്ഷ്യമിട്ട് മെസ്സിയും സംഘവും മുന്നേറ്റങ്ങള്‍ ശക്തമാക്കി. രണ്ടാം പകുതിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. മത്സരം അവസാനിക്കാനിരിക്കേ മയാമിയുടെ ജയസാധ്യതകളെ തകിടംമറിച്ച് സിയാറ്റില്‍ വീണ്ടും വലകുലുക്കി. 84-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി അലക്‌സ് റോള്‍ഡാന്‍ ലക്ഷ്യത്തിലെത്തിച്ചു. പിന്നാലെ 89-ാം മിനിറ്റില്‍ മൂന്നാം ഗോളുമെത്തിയതോടെ മെസ്സിയും സംഘവും തകര്‍ന്നടിഞ്ഞു. പോള്‍ റോത്‌റോക്കാണ് സ്‌കോറര്‍.