ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ആഴ്‌സനലിനെ കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍. എതിരില്ലാത്ത ഒരു ഗോളിനാണ് ലിവർപൂളിന്റെ ജയം. മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ബ്രൈട്ടൺ അട്ടിമറിച്ചു.ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ആര്‍നെ സ്ലോട്ടും സംഘവും മൈതാനത്തിറങ്ങിയത്. ആദ്യപകുതിയില്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആഴ്‌സനല്‍ പ്രതിരോധം ഉറച്ചുനിന്നു. കിട്ടിയ അവസരങ്ങളില്‍ ആഴ്‌സനലും മുന്നേറി. ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്. രണ്ടാം പകുതിയില്‍ ഗോള്‍ ലക്ഷ്യമിട്ട് ഇരുടീമുകളും ആക്രമണം ശക്തമാക്കി.മത്സരം ഗോള്‍രഹിതമായി അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും 83-ാം മിനിറ്റില്‍ ഗണ്ണേഴ്‌സിനെ ഞെട്ടിച്ച് ലിവര്‍പൂള്‍ വലകുലുക്കി. തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളിലൂടെ ഡൊമിനിക് സൊബോസ്ലോയി ആണ് ലക്ഷ്യം കണ്ടത്. പിന്നീട് ആര്‍ട്ടേറ്റയുടെ സംഘത്തിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച ലിവര്‍പൂള്‍ പട്ടികയില്‍ തലപ്പത്താണ്.അതേസമയം വമ്പൻമാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ബ്രൈട്ടൺ ഞെട്ടിച്ചു. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് സിറ്റിയെ ബ്രൈട്ടൺ പരാജയപ്പെടുത്തിയത്. എർലിങ് ഹാളണ്ടിന്റെ (34) ഗോളിൽ ഒന്നാം പകുതിയിൽ സിറ്റി മുന്നിലായിരുന്നു. എന്നാൽ, ജെയിംസ് മിൽനറുടെയും (67-പെനല്‍റ്റി) ബ്രജൻ ഗ്രുഡയുടെയും (89) ഗോളുകളിൽ ബ്രൈട്ടൺ ജയം നേടി. മറ്റു മത്സരങ്ങളില്‍ വെസ്റ്റ്ഹാം നോട്ടിങ്ങാം ഫോറസ്റ്റിനെയും ക്രിസ്റ്റല്‍ പാലസ് ആസ്റ്റണ്‍ വില്ലയെയും പരാജയപ്പെടുത്തി.











