കേരള ആംഡ് പൊലീസ് മൂന്നാം ബറ്റാലിയനിലെ എസ്ഐ ക്വാർട്ടേഴ്സിനു സമീപം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊല്ലം കുണ്ടറ ആലുംമൂട് പുനുക്കന്നൂർ തത്വമസി വീട്ടിൽ കെ.ജി. കുഞ്ഞുമോനെ (51) ആണ് കെഎപി ആസ്ഥാനത്തുള്ള വർക്‌ഷോപ്പിനോട് ചേർന്നുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുഞ്ഞുമോൻ എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസിനു ലഭിച്ചിരുന്നു. ഇതിൽ പ്രത്യേക കാരണമൊന്നും പറയുന്നില്ല. കുറച്ചു സാമ്പത്തിക ബാധ്യത പറയുന്നുണ്ടെങ്കിലും അധികമില്ല. മേൽ ഉദ്യോഗസ്ഥരുടെ സമ്മർദം മരണകാരണമല്ലെന്നും കത്തിൽ സൂചിപ്പിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. ക്യാംപിലെ പൊലീസുകാരുടെ പരിശീലകനായിരുന്നു. കുടുംബത്തോടൊപ്പം പൊലീസ് ക്യാംപിലായിരുന്നു താമസം. വെള്ളിയാഴ്ച രാത്രി മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ക്യാംപിന്റെ വർക്‌ഷോപ്പിനോടു ചേർന്നുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. 1999 ജൂലൈ 15ന് കോൺസ്റ്റബിളായാണു കുഞ്ഞുമോൻ മുന്നാം ബറ്റാലിയനിൽ എത്തിയത്. ഭാര്യ: ക്യാംപ് ആസ്ഥാനത്തുള്ള പൊലീസ് കന്റീനിലെ താൽക്കാലിക ജീവനക്കാരി ഷനിജ. മക്കൾ: ആശിർവാദ്, ആദിത്ത്.











